അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ 1-1 എന്ന നിലയിൽ ഇന്ത്യ ഒപ്പമെത്തി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഇന്ത്യ നാല് പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു. നായകൻ വിരാട് കോഹ്ലിയും 39-ാം ഏകദിന സെഞ്ചുറിയും എം.എസ്.ധോണിയുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാൻ-രോഹിത് ശർമ സഖ്യം 47 റണ്‍സെടുത്ത മികച്ച തുടക്കം നൽകി. 32 റണ്‍സ് നേടിയ ധവാനാണ് ആദ്യം പുറത്തായത്. പിന്നാലെ രോഹിത്തിനെ കൂട്ടുപിടിച്ച് കോഹ്ലി 54 റണ്‍സ് കൂട്ടിച്ചേർത്തു. 43 റണ്‍സ് നേടിയ രോഹിത് മടങ്ങിയതോടെ എത്തിയ അന്പാട്ടി റായിഡുവും നായകന് ഉറച്ച പിന്തുണ നൽകി. റായിഡു-കോഹ്ലി സഖ്യവും 59 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്.
24 റണ്‍സുമായി റായിഡു മടങ്ങിയ ശേഷമെത്തിയ ധോണി സിഡ്നിയിലെ മെല്ലപ്പോക്ക് ഇന്നിംഗ്സിന് പരിഹാരം ചെയ്യുകയായിരുന്നു അഡ് ലെയ്ഡ് ഓവലിൽ. ഇരുവരും ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കുകയായിരുന്നു. ഇതിനിടെ സെഞ്ചുറി പൂർത്തിയാക്കി നായകൻ മടങ്ങിയെങ്കിലും ധോണി പോരാട്ടം തുടർന്നു.
ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് ഇന്ത്യയെ അവസാന ഓവറിൽ ധോണി ലക്ഷ്യത്തിലെത്തിച്ചു. 54 പന്തിൽ രണ്ടു സിക്സറുകൾ മാത്രം പറത്തിയ ധോണി 55 റണ്‍സോടെ പുറത്താകാതെ നിന്നു. കാർത്തിക്ക് 14 പന്തിൽ 25 റണ്‍സ് നേടി. സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച കിംഗ് കോഹ്ലി ഒരിക്കൽ കൂടി കളിയിലെ താരമായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഷോണ്‍ മാർഷിന്റെ സെഞ്ചുറിക്കരുത്തിലാണ് 298 റണ്‍സ് അടിച്ചുകൂട്ടിയത്. 131 റണ്‍സ് നേടിയ മാർഷ് 11 ഫോറും മൂന്ന് സിക്സും നേടി ഓസീസിനെ മുന്നിൽ നിന്നും നയിച്ചു. 37 പന്തിൽ 48 റണ്‍സ് നേടിയ ഗ്ലെൻ മാക്സ്വെല്ലും മികച്ച പോരാട്ടം നടത്തി.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ അവസാന ഏകദിനം വ്യാഴാഴ്ച മെൽബണിൽ നടക്കും.