തിരുവനന്തപുരം: സംഘപരിവാറുകാരെ പോലും ആവേശം കൊള്ളിക്കാത്ത പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തു നടത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുസമൂഹത്തിന്റെ വിചാരണക്കോടതിയിൽ കുറ്റവാളികളുടെ വേഷത്തിലാണ് ബിജെപി. ചെന്നുപെട്ട ഊരാക്കുടുക്കിൽനിന്ന് കരകയറാനാണ് അവർ നരേന്ദ്രമോദിയെത്തന്നെ ക്ഷണിച്ചുകൊണ്ടുവന്നത്. പക്ഷേ, അത് നനഞ്ഞ പടക്കമായിപ്പോയെന്ന് ഐസക് പറഞ്ഞു.
സാക്ഷരതയുടെയും സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയ നിലപാടിന്റെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ജനതയെ ഉത്തരേന്ത്യൻ രീതിയിൽ കബളിപ്പിക്കാൻ ബിജെപി നേതാക്കൾക്കു കഴിയില്ല. നരേന്ദ്ര മോദിയെപ്പോലുള്ളവർക്ക് അറിയാവുന്ന ചെപ്പടിവിദ്യകളൊന്നും ഇവിടെ ബിജെപിക്കാരുടെ മുന്നിൽപ്പോലും ചെലവാകില്ല.
അതുകൊണ്ടാണ് സദസും വേദിയും അദ്ദേഹത്തിന്റെ പ്രസംഗത്തെ തികഞ്ഞ നിസംഗതയോടെ വരവേറ്റത്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയത് അറപ്പുളവാക്കുന്ന കൃത്യമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭരണഘടനയെയും നിയമവാഴ്ചയെയും മാനിക്കുന്ന ഒരു പ്രധാനമന്ത്രി ഒരിക്കലും പറയാനാവാത്ത കാര്യമാണിതെന്നും ഐസക് പറഞ്ഞു.
ശബരിമല വിഷയത്തിൽ ബിജെപിയുടെ സ്ഥിരതയുള്ള നിലപാടിനെക്കുറിച്ച്, ഓരോ ദിവസവും ഓരോ നിലപാട് മാറ്റിപ്പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയെ വേദിയിരുത്തി, മോദി പ്രസംഗിച്ചത് വലിയ സാഹസമായിപ്പോയി. പ്രസംഗം പരിഭാഷപ്പെടുത്തിയ വി മുരളീധരൻ എംപിയും “സ്ഥിരതയുള്ള നിലപാടിന്റെ’ കാര്യത്തിൽ തനതായ സംഭാവന നൽകിയിരുന്നു.
ഭക്തരായ സ്ത്രീകൾ ശബരിമലയിൽ എത്തുന്നതിൽ പ്രശ്നമില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമൊക്കെ ദേശീയ ചാനലിൽ ചെന്നിരുന്ന് അദ്ദേഹം വാദിച്ചിരുന്നെന്നും മന്ത്രി പരിഹസിച്ചു.