എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ സദസിൽ നിന്ന് ശരണവിളിയും കൂവലും ഉയർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അതൃപ്തി. താൻ കൂടി പങ്കെടുത്ത പരിപാടിയിൽ ഇത്തരത്തിലുള്ള സംഭവമുണ്ടായതിൽ ശക്തമായ നീരസമാണ് പ്രധാനമന്ത്രി ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനു ശേഷം കൊല്ലം പീരങ്കി മൈതാനിയിലെ എൻഡിഎയുടെ സമ്മേളനത്തിലും പങ്കെടുത്ത ശേഷം പദ്മാനാഭ സ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം സംസ്ഥാന നേതാക്കളോട് ചോദിച്ചത്.
സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയോടാണ് ഇക്കാര്യം തിരക്കിയത്. വി മുരളീധരൻ എംപിയും സുരേഷ്ഗോപി എംപിയും സമീപത്തുണ്ടായിരുന്നു. ബഹളം വച്ചത് ബി.ജെപി പ്രവർത്തകരല്ലെന്നും മറ്റാരോ ആണെന്നാണ് ശ്രീധരൻപിള്ള പ്രധാനമന്ത്രിയ്ക്ക് നൽകിയ മറുപടി.
താൻ പങ്കെടുത്ത പരിപാടിയിൽ ഇത്തരത്തിലുള്ള അപസ്വരം ഉയർന്നതിൽ ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ തന്നെ പറയുന്നത്. ദേശീയ മാധ്യമങ്ങളുടെ തന്നെ വലിയ സംഘം തന്നെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാൻ കൊല്ലത്തുണ്ടായിരുന്നു.
രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന പരിപാടിയിൽ ബഹളം ഉയർന്നതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിനും അമർഷമുണ്ട്. എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നു. ബൈപ്പാസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് സദസിൽ നിന്ന് ശരണംവിളിയും കൂവലും ഉയർന്നത്.
ബഹളം ശക്തമായതോടെ മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ ഇതിനെതിരെ പ്രതികരിച്ചു. ശബ്ദമുണ്ടാക്കാനായി കൂറേപ്പേർ വന്നിട്ടുണ്ട്. മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കമുണ്ട്. എന്തു കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതതരുതെന്ന് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ വിമർശിച്ചത്.
ബഹളം ഉണ്ടാക്കിയവരെ മുഖ്യമന്ത്രി ശകാരിച്ചതോടെ യോഗം അവസാനിക്കുന്നതുവരെ പിന്നെ ബഹളം ഉണ്ടായില്ല. പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഉയരുമെന്ന് ബി.ജെ.പി നേതൃത്വവും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ജാഗ്രതകുറവുണ്ടായെന്ന വിമർശനം പാർട്ടിയ്ക്കുള്ളിൽ തന്നെ ഉയർന്നിട്ടുണ്ട്.