അഡ്ലെയ്ഡ്: റണ്‍ ചേസിംഗില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് താന്‍ തന്നെയെന്ന് 39-ാം ഏകദിന സെഞ്ചുറിയുമായി വിരാട് കോഹ്ലി ഒരിക്കല്‍ക്കൂടി തെളിയിച്ചു. മെല്ലെപ്പോക്കിന്റെ പേരില്‍ കളിയാക്കിയവരുടെ വായടപ്പിച്ച് ഫിനിഷര്‍ റോളില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ചുവരവ് കണ്ട ആവേശപ്പോരാട്ടത്തില്‍ ഇന്ത്യആറു വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.
ഓസ്ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി. പരമ്പരയിലെ നിര്‍ണായക മല്‍സരം വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കും.
സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കോഹ്ലിയുടെയും അര്‍ധ സെഞ്ചുറി നേടിയ ധോണിയുടെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. കോഹ് ലിയാണ് മാന്‍ ഓഫ് ദ മാച്ച്.
ഫിനിഷറുടെ റോളിലേക്ക് മടങ്ങിയെത്തിയ ധോണി അവസാന ഓവറിലെ ആദ്യ പന്തില്‍ നേടിയ സിക്സാണ് ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്. 54 പന്തില്‍ നിന്ന് രണ്ട് സിക്സും പായിച്ച് 55 റണ്‍സെടുത്ത ധോണി പുറത്താകാതെനിന്നു. ഫോറുകളൊന്നുമില്ലാത്തതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്.
സിംഗിളുകളും ഡബിളും ഇടയ്ക്കു മൂന്നു റണ്‍സും ഓടിയാണ് മുന്‍ നായകന് മുന്നോട്ടുപോയത്. മെല്ലെപ്പോക്കിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ ഇന്നിംഗ്സ്. അവസാന ഓവറില്‍ സിക്സടിച്ച ധോണി സ്കോര്‍ ഒപ്പമെത്തിച്ചു. പിന്നാലെ സിംഗിളോടെ വിജയവും. ധോണി കൂട്ടായി 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്ക് പുറത്താകാതെ നിന്നു.
ഓസീസ് ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ നല്ല തുടക്കമാണ് നല്‍കിയത്. ശിഖര്‍ ധവാന് അടിച്ചുതകര്‍ത്തു. സ്കോര്‍ 47ലെത്തിയപ്പോള്‍ ധവാനെ നഷ്ടമായി. 28 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സെടുത്ത ധവാനെ ജേസണ്‍ ബെഹ്റന്‍ഡോഫ് ഉസ്മാന് ഖവാജയുടെ കൈകളിലെത്തിച്ചു.
47 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടോടെ രോഹിത്തും ധവാനും ഇന്ത്യക്കായി ഓപ്പണിംഗില്‍ 4000 റണ്‍സ് പിന്നിട്ടു. ഏകദിനത്തില്‍ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 4000 റണ്‍സ് പിന്നിടുന്ന നാലാമത്തെ ബാറ്റിംഗ് ജോഡിയാണിത്. 2013 മുതലുള്ള ഈ സഖ്യം 90 ഇന്നിംഗ്സില്‍നിന്ന് 4040 റണ്‍സ് നേടിക്കഴിഞ്ഞു. 6609 റൺസുള്ള സൗരവ് ഗാംഗുലി-സച്ചിൻ തെണ്ടുൽക്കർ കൂട്ടുകെട്ടാണ് ഒന്നാമത്.
ധവാന്റെ പുറത്താകലിനുശേഷം നായകനൊപ്പം നിലയുറപ്പിച്ചു കളിച്ച രോഹിത്തിനെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ കൈകളിലെത്തിച്ച് മാര്‍കസ് സ്റ്റോയിനിസ് ഇന്ത്യയെ ഞെട്ടിച്ചു. രോഹിത്-കോഹ് ലി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 54 റണ്‍സാണ് പിറന്നത്.
രണ്ടു വിക്കറ്റ് വീണതോടെ പിന്നാലെയെത്തിയ അമ്പാട്ടി റായുഡു നായകനൊപ്പംനിന്ന് കൂട്ടുകെട്ട് ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. അതുകൊണ്ട് റണ്‍റേറ്റില്‍ ചെറിയ ഇടിവുണ്ടായി. നന്നായി മുന്നോട്ട് പോകുകയായിരുന്ന ഈ സഖ്യത്തെ ഗ്ലെന്‍ മാക്സ്വെല് പൊളിച്ചു. റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച റായിഡുവിനെ ( 36 പന്തില്‍ 24) സ്റ്റോയിനിസ് കൈകളിലൊതുക്കി.
കോഹ്ലിക്കൊപ്പം ധോണി ചേര്‍ന്നതോടെ റണ്‍റേറ്റില്‍ വലിയ ഉയര്ച്ചയൊന്നുമുണ്ടായില്ല. എന്നാല്‍ ഇത്തവണ കോഹ്ലിക്കു സ്ട്രൈക്കുകള്‍ കൈമാറാന്‍ ധോണി വിജയിച്ചു. ഇതിനിടെ കോഹ്ലി സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 108 പന്തില്‍ നിന്നാണ് കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
112 പന്തില്‍ അഞ്ചു ബൗണ്ടറികളുടെയും രണ്ടു സിക്സിന്റെയും അകമ്പടിയില്‍ 104 റണ്‍സെടുത്ത കോഹ്ലിയെ ജേ റിച്ചാഡ്സനാണ് പുറത്താക്കിയത്. കോഹ്ലി-ധോണി കൂട്ടുകെട്ടില്‍ 82 റണ്‍സാണ് പിറന്നത്. കോഹ് ലി പുറത്തായശേഷം ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍, കാര്‍ത്തിക് പിടിച്ചുനിന്നതോടെ ഇന്ത്യ ജയത്തിലേക്കു കയറി. 57 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ധോണിയും കാര്‍ത്തിക്കും സ്ഥാപിച്ചത്.
പരമ്പരയിൽ ഓസ്ട്രേലിയയുടെ ആദ്യ സെഞ്ചുറി
ഇന്ത്യന്‍ നിരയില്‍ ഖലീല്‍ അഹമ്മദിനു മുഹമ്മദ് സിറാജ് അരങ്ങേറി. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു.
മത്സരത്തിന്റെ ഏഴാമത്തെയും എട്ടാമത്തെയും ഓവറില്‍ ഓസീസിനെ ഓപ്പണര്‍മാരെ നഷ്ടമായി. ആറു റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (6) ഏഴാം ഓവറില്‍ ഭുവനേശ്വര്‍ പുറത്താക്കിയപ്പോള്‍ തെട്ടടുത്ത ഓവറില്‍ അലക്സ് കാരെയെ (18) ഷാമി മടക്കി. പിന്നാലെ നിലയുറപ്പിക്കുകയായിരുന്ന ഖവാജയെ (21) ജഡേജ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി.
ഇന്ത്യക്കെതിരേയുള്ള ഈ പരമ്പരയില്‍ ഒരു ഓസ്ട്രേലിയക്കാരന്റെ ആദ്യ സെഞ്ചുറിയാണ് ഷോണ്‍ മാര്‍ഷിലൂടെ (131) നേടിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത മാക്സ്വെലിന്റെയും മികവിലാണ് ഓസീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 298 റണ്‍സ് എടുത്തത്.
ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷ്-മാക്സ്വെല് കൂട്ടുകെട്ടിലെ 94 റണ്‍സാണ് ഓസീ സിനു നിർണായകമായത്. 109 പന്തില്‍ നിന്നായിരുന്നു മാര്‍ഷിന്റെ സെഞ്ചുറി. 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റണ്‍സെടുത്താണ് മാര്‍ഷ് പുറത്തായത്. തകര്‍ത്തടിച്ച മാക്സ്വെല് 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (20), മാര്‍ക്കസ് സ്റ്റോയിനിസ് (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. ഷാമി മൂന്നു വിക്കറ്റെടുത്തു.
സ്കോര്‍ബോര്‍ഡ് / ഓസ്ട്രേലിയ
കാരെ സി ധവാന് ബി ഷാമി 18, ഫിഞ്ച് ബി ഭുവനേശ്വര്‍ 6, ഖവാജ റണ്‍ ഔട്ട് 21, മാര്‍ഷ് സി ജഡേജ ബി ഭുവനേശ്വര്‍ 131, ഹാന്ഡ്്സ്കോമ്പ് സ്റ്റംപ്ഡ് ധോണി ബി ജഡേജ 20, സ്റ്റോയിനിസ് സി ധോണി ബി ഷാമി 29, മാക്സ്വെല് സി കാര്‍ത്തിക് ബി ഭുവനേശ്വര്‍ 48, റിച്ചാര്ഡ്സണ് സി ധവാന് ബി ഷാമി 2, ലിയോണ്‍ നോട്ടൗട്ട് 12, സിഡില്‍ സി കോഹ്ലി ബി ഭുവനേശ്വര്‍ 0, ബെഹ്റന്‍ഡോഫ് നോട്ടൗട്ട് 1, എക്സ്ട്രാസ് 10, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 298.
ബൗളിംഗ്
ഭുവനേശ്വര്‍ 10-0-45-4, ഷാമി 10-0-58-3, സിറാജ് 10-0-76-0, കുല്‍ദീപ് യാദവ് 10-0-66-0, ജഡേജ 10-1-49-1
ഇന്ത്യ
രോഹിത് സി ഹാന്‍ഡ്സ്കോമ്പ് ബി സ്റ്റോയിന്‍സ് 43, ധവാന് സി ഖവാജ ബി ബെഹ്റന്‍ഡോഫ് 32, കോഹ്ലി സി മാക്സ്വെല് ബി റിച്ചാര്ഡ്സണ് 104, റായുഡു സി സ്റ്റോയിനിസ് ബി മാക്സ്വെല് 24, ധോണി നോട്ടൗട്ട് 55, കാര്‍ത്തിക് നോട്ടൗട്ട് 25, എക്സ്ട്രാസ് 16, ആകെ 49.2 ഓവറില്‍ നാലു വിക്കറ്റിന് 299.
ബൗളിംഗ്
ബെഹ്റന്‍ഡോഫ് 8.2-1-52-1, റിച്ചാര്ഡ്സണ് 10-0-59-1, സിഡില്‍ 8-0-58-0, ലിയോണ്‍ 10-0-59-0, സ്റ്റോയിനിസ് 9-0-46-1, മാക്സ്വെല് 4-0-16-1