മുംബൈ: ഓഹരികൾ വൻകുതിപ്പ് നടത്തിയ ദിവസവും രൂപ താഴോട്ടുപോയി. ഡോളർ വീണ്ടും 71 രൂപയ്ക്കു മുകളിലായി.ഡോളറിന് ഇന്നലെ 13 പൈസ വർധിച്ചു. ഒരിടയ്ക്ക് ഡോളർ 71.15 രൂപവരെ എത്തി. പിന്നീട് 71.05 രൂപയിൽ ക്ലോസ് ചെയ്തു.
വിലക്കയറ്റം കുറഞ്ഞതിന്റെ ആവേശം എന്നാണ് ഓഹരികളുടെ കുതിപ്പിനെ വിശേഷിപ്പിച്ചത്. സെൻസെക്സ് 464.77 പോയിന്റ് (1.30 ശതമാനം) കയറി 36,318.33ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 149.2 പോയിന്റ് (1.39 ശതമാനം) ഉയർന്ന് 10,886.8 ൽ ക്ലോസ് ചെയ്തു.
ചില്ലറവിലക്കയറ്റം കുറവായത് പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും എന്നാണ് കന്പോളത്തിന്റെ വിലയിരുത്തൽ. എന്നാൽ ഭക്ഷ്യവിലയിടിവും ഇന്ധനവിലയിലെ താഴ്ചയും കിഴിച്ചുള്ള കാതൽ വിലക്കയറ്റം ഇപ്പോഴും ഉയർന്നുതന്നെയാണു നിൽക്കുന്നത്. അതുകൊണ്ട് റിസർവ് ബാങ്ക് പലിശനിരക്ക് മാറ്റാതെ മുന്നോട്ടുപോകുമെന്നു കരുതുന്നവരുമുണ്ട്. പുതിയ ഗവർണർ പ്രീതി പിടിച്ചുപറ്റാൻ പലിശകുറയ്ക്കലിനു ശ്രമിച്ചുകൂടായ്കയില്ലെന്നും വിലയിരുത്തപ്പെടുന്നു.
യെസ് ബാങ്കിന്റെ ചെയർമാൻ പദവിയിൽ തീരുമാനം ഉടനെ ഉണ്ടാകുമെന്നത് ആ കന്പനിയുടെ ഓഹരിവില കൂട്ടി. റിലയൻസ്, ഇൻഫോസിസ് എന്നിവയും ഇന്നലെ നല്ല ഉയർച്ച കുറിച്ചു. ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ് തുടങ്ങിയവയും നേട്ടമുണ്ടാക്കി. മാരുതി, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്കു വിലയിടിഞ്ഞു.