ജോണ്സണ് വേങ്ങത്തടം
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ കേരളത്തിലെത്തിച്ചു ലോക്സഭ തെരഞ്ഞെടുപ്പിനു ഗോദയിലിറങ്ങാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നു. പാർട്ടിയെ അടിത്തട്ടിൽ ചലിപ്പിക്കാനുള്ള കരുത്തു നേടാൻ ഇതിലൂടെ സാധിക്കുമെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നു.
വരുന്ന പൊതു തെരഞ്ഞെടുപ്പിലെ മുഖ്യശ്രദ്ധകേന്ദ്രമായ രാഹുൽഗാന്ധിയെ കേരളത്തിലെത്തിച്ചു തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതും ഇതിന്റെ വെളിച്ചത്തിലാണ്. 29നാണ് രാഹുൽഗാന്ധി കൊച്ചിയിലെത്തുന്നത്. ഇതു ചരിത്രസംഭവമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
എറണാകുളം മറൈൻ ഡ്രൈവിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 24,970 ബൂത്ത് പ്രസിഡന്റുമാരും അത്രയും വനിതാ വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ അരലക്ഷത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമാകും. രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള സ്വാഗതസംഘവും ഒരുങ്ങി കഴിഞ്ഞു. കേരളത്തിലെ നേതാക്കളെല്ലാം ഒന്നിച്ചുനിന്നു സമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
താഴെത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കുചുക്കാൻപിടിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും വനിതകളായ ബൂത്ത് വൈസ് പ്രസിഡന്റുമാരുമാണ് 29നു പങ്കെടുക്കുന്നത്. രാഹുൽഗാന്ധി അവരോടു നേരിട്ടു സംവദിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇതു അണികൾക്കു ഉൗർജം പകരുകയും പാർട്ടിക്കു ശക്തിപകരുകയും ചെയ്യുമെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നു. എറണാകുളം മറൈൻ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളിൽ വൈസ് പ്രസിഡന്റ് പദവികളിലേക്കു വനിതകളെ പാർട്ടി നിയോഗിക്കുന്നത്. സമ്മേളനത്തിൽ കെപിസിസി ഭാരവാഹികൾ ഉൾപ്പെടെ പ്രധാന നേതാക്കൾ പങ്കെടുക്കും.
കൊച്ചിയിലെ പരിപാടിക്കു പിന്നാലെ കോണ്‍ഗ്രസ് സജീവമായി കളത്തിലിറങ്ങും. ജില്ലകളിലെ പ്രവർത്തകരെ കൂടുതൽ ആവേശത്തിലെത്തിക്കാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പദയാത്ര ആരംഭിക്കും. യാത്രയുടെ സമാപനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ഫെബ്രുവരി 27നാണ് അടുത്ത സമ്മേളനം. ഫെബ്രുവരി മൂന്നിനു കാസർകോട്ടു നിന്നാരംഭിക്കുന്ന കെപിസിസി അധ്യക്ഷന്റെ പ്രചാരണ യാത്ര മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളും യുഡിഎഫ് നേതാക്കളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനാണ് യാത്രയുടെ ചുമതല.
ജില്ലകളിൽ പര്യടന പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി കാസർകോട് കെ.സി ജോസഫ് എംഎൽഎ, കണ്ണൂർ സണ്ണി ജോസഫ് എംഎൽഎ, വയനാട് എൻ സുബ്രഹ്മണ്യൻ, കോഴിക്കോട് ആര്യാടൻ മുഹമ്മദ്, മലപ്പുറത്ത് കെ.പി. കുഞ്ഞിക്കണ്ണൻ, പാലക്കാട് എ.പി. അനിൽ കുമാർ, തൃശൂർ ഇ.എം ആഗസ്തി, എറണാകുളത്ത് ജോസഫ് വാഴയ്ക്കൻ, ഇടുക്കിയിൽ വി.ജെ പൗലോസ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ പ്രഫ. പി.ജെ. കുര്യൻ, ആലപ്പുഴയിൽ കെ. ബാബു, കൊല്ലത്ത് പാലോട് രവി, തിരുവനന്തപുരത്ത് വി.എസ്.ശിവകുമാർ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.