കൊച്ചി/ആലുവ: മുനന്പം ഹാർബർ വഴി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഡൽഹി, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം നടത്തുന്നത്. ഇതിനിടെ, സംഭവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത ഏതാനും പേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണു വിവരം.
അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലുള്ളവരെ ഇന്നും ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. മനുഷ്യക്കടത്ത് സംഘം മുനന്പത്തുനിന്ന് വാങ്ങിയെന്നു കരുതുന്ന ബോട്ടിന്റെ സഹ ഉടമ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതായാണു കരുതുന്നത്.
മത്സ്യബന്ധന ബോട്ടിൽ മുനന്പം ഹാർബറിൽനിന്നു കടന്നത് ശ്രീലങ്കൻ തമിഴ് വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിലെ സൂചനകളും ഇവർ താമസിച്ച ഹോംസ്റ്റേകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽനിന്നാണ് പോലീസ് ഈയൊരു നിഗമനത്തിൽ എത്തിയത്. സംഘം ഓസ്ട്രേലിയയുടെ അധികാര പരിധിയിലുള്ള ദ്വീപ് കേന്ദ്രീകരിച്ച് നീങ്ങുന്നതായും വ്യക്തമായിട്ടുണ്ട്.
ഇന്ത്യൻ സമുദ്രാതിർത്തി പിന്നിടും മുന്പ് പിന്തുടർന്നു പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാൽ, മത്സ്യബന്ധന മേഖലകൾ കേന്ദ്രീകരിച്ച് സംഘം നീങ്ങുന്നതിനാൽ വിശദമായ പരിശോധനകൾക്ക് തടസം നേരിടുന്നുണ്ട്. സംഘത്തെ കണ്ടെത്താൻ നാല് കപ്പലുകളാണ് നിയോഗിച്ചിരിക്കുന്നത്. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന നേവിയുടെ സുരക്ഷാ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, രാജ്യം വിടാൻ എത്തിയവരിൽ മറ്റൊരു സംഘം ഇപ്പോഴും നാട്ടിലുണ്ടെന്ന സൂചനകളെത്തുടർന്ന് ഇവരെ കണ്ടെത്തുവാനും പരിശോധന നടക്കുന്നുണ്ട്. ചെറായിയിലെ വിവിധ റിസോട്ടുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നീരീക്ഷണങ്ങളും നടത്തുമെന്നും അധികൃതർ പറഞ്ഞു. കടൽ കടന്ന സംഘം ചെറായി, ചോറ്റാനിക്കര പ്രദേശങ്ങളിൽ താമസിച്ച റിസോർട്ടുകളിലും ഹോട്ടലുകളിലും ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തി.
ഇവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിനായി സംഘം വാങ്ങിയ ബോട്ടിനു ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയും മുനന്പം സ്വദേശിയും ചേർന്ന് മൂന്നു വർഷം മുൻപ് നിർമിച്ച ബോട്ട് മറിച്ചു വിൽക്കുകയായിരുന്നു. ഇവർക്ക് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാമോ എന്നതും പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ ദേശീയ, അന്തർദേശീയ അന്വേഷണ ഏജൻസികളും പോലീസിൽ നിന്നു വിവരം തേടി. കൊടുങ്ങല്ലൂർ, മുനന്പം, മാല്യങ്കര എന്നിവിടങ്ങളിൽ നിന്നു ലഭിച്ച 73 ബാഗുകൾ പോലീസ് പരിശോധിച്ചു. ശ്രീലങ്കൻ സ്വദേശികളായ രണ്ടുപേരുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇതിൽ സിംഹള ഭാഷയിലാണ് എഴുത്ത്. ചെറായിയിലെ റിസോട്ടിൽ സംഘം നൽകിയ മേൽവിലാസം ഡൽഹിയിലേതാണ്.
ഇത് യഥാർഥ മേൽവിലാസമാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഇതിനായി നൽകിയ രേഖകൾ യഥാർഥമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. സംഘം ശ്രീലങ്കയിൽനിന്നു ഡൽഹിയിലെത്തി ചെന്നൈ വഴി മുനന്പത്തെത്തിയെന്നാണ് നിഗമനം. സംഘം കടന്നുവെന്നു സംശയിക്കുന്ന ബോട്ട് സൂക്ഷിച്ചിരുന്ന മുനന്പത്തെ യാർഡിലും പോലീസ് പരിശോധന നടത്തി. ഉപേക്ഷിക്കപ്പെട്ട ഒരു ബാഗ് കണ്ടെത്തിയ ബോട്ടിന്റെ ഉടമയെയും ചോദ്യം ചെയ്തു.
പുതുവത്സരത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളെന്ന വ്യാജേന ചെറായിയിലെത്തിയത് 66 പേരാണെന്നാണ് നിഗമനം. ക്ഷേത്ര ദർശനത്തിനെന്ന പേരിൽ 82 പേർ ചോറ്റാനിക്കരയിലുമെത്തി. ഇവർ ഇരു കൂട്ടരും ഒരേ സംഘത്തിൽപ്പെട്ടവരാണോ എന്നും എത്രപേർ ബോട്ടിൽ പോയിട്ടുണ്ട് എന്നും പൂർണമായും വ്യക്തമായിട്ടില്ല.