കോട്ടയം: നഗരത്തിൽ കുറെ നാളായി ഒതുങ്ങിക്കഴിഞ്ഞ അനാശാസ്യ സംഘങ്ങൾ വീണ്ടും തലപൊക്കി. കഴിഞ്ഞ ദിവസം ഇവരുടെ അഴിഞ്ഞാട്ടം വഴിയെ നടന്നു വന്ന ഒരു സ്ത്രീക്കു നേരേയായിരുന്നു. ഇടപെട്ട പൊതുപ്രവർത്തകനായ യുവാവിനെ കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നെന്ന് ആരോപണം. കെഎസ്ആർടിസിക്ക് സമീപം കടയിലേക്ക് റോഡ് കുറുകെ കടന്ന യുവതിയെ അനാശാസ്യ സംഘത്തിൽപ്പെട്ട സ്ത്രീകൾ തടഞ്ഞു വച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഭർത്താവും കുട്ടികളും ആദ്യം റോഡ് കുറുകെ കടന്നു. വാഹനം വന്നതിനാൽ യുവതിക്ക് അവർക്കൊപ്പം റോഡ് കുറുകെ കടക്കാനായില്ല. പിന്നീട് തനിയെ റോഡ് കുറുകെ കടന്നെത്തിയ യുവതിയെ തടഞ്ഞു നിർത്തി തങ്ങൾക്കൊപ്പം വരാൻ അനാശാസ്യ സംഘത്തിലെ സ്ത്രീ ശ്രമിച്ചു. ഓട്ടോയിലേക്ക് പിടിച്ചുകയറ്റാനും ശ്രമം നടന്നു.
നിങ്ങൾ ഉദ്ദേശിക്കുന്നയാളല്ല എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും മറ്റേസ്ത്രീ ബലം പ്രയോഗിച്ചതോടെയാണ് ഭർത്താവ് എത്തിയത്. ഇതോടെ വാക്കുതർക്കമായി. ഇതിനിടെ അനാശാസ്യ സംഘത്തിലെ മറ്റു സ്ത്രീകളും പുരുഷൻമാരും കൂടി എത്തി. സംഭവം കണ്ട് എത്തിയ സാമൂഹ്യ പ്രവർത്തകനായ യുവാവാണ് അനാശാസ്യ സംഘത്തിലെ സ്ത്രീകളെ പിൻതിരിപ്പിച്ചത്. യുവതിയും ഭർത്താവും കടയിലേക്ക് പോവുകയും ചെയ്തു.
ഇതിനു ശേഷം സാമൂഹ്യ പ്രവർത്തകനായ യുവാവിനെതിരേ അനാശാസ്യ സംഘത്തിൽപ്പെട്ടവർ പോലീസിൽ പരാതി നല്കി. യഥാർഥത്തിൽ യുവതിയെയും ഭർത്താവിനെയും അനാശാസ്യ സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് യുവാവ് ചെയ്തത്. പോലീസ് റെയ്ഡ് ശക്തമാക്കിയതിനാൽ കുറെ നാളായി അനാശാസ്യ സംഘങ്ങൾ നഗരത്തിൽ നിന്ന് താവളം മാറ്റിയിരിക്കുകയായിരുന്നു.