കൊച്ചി: കെഎസ്ആർടിസി തൊഴിലാളികൾ ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
നേരത്തെ നോട്ടീസ് നൽകിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ല. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയല്ലേ വേണ്ടതെന്നും നിയമപരമായ പരിഹാരമുള്ളപ്പോൾ എന്തിന് മറ്റ് മാർഗങ്ങൾ തേടണമെന്നും കോടതി ചോദിച്ചു.
കെഎസ്ആർടിസി സമരത്തിനെതിരെ സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉൾപ്പെടെയുണ്ടായി അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശന്പളപരിഷ്കരണം സംബന്ധിച്ച ചർച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.