തിരുവനന്തപുരം: കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ എംഡി ടോമിൻ തച്ചങ്കരിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്തസമരസമിതി നേതാക്കൾ വ്യക്തമാക്കി.
കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെ മാനേജ്മെന്റ് സ്വീകരിച്ച തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കെന്ന് നേതാക്കൾ പറഞ്ഞു.
സമാന്തര സർവീസുകൾ തഴച്ച് വളരാനുള്ള നടപടികളാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ഇതിന് പിന്നിൽ സാന്പത്തിക നേട്ടങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.