മുണ്ടൂർ: കരിന്പ പഞ്ചായത്തിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ ആനകളെ വിരട്ടാനും വഴിതിരിച്ചുവിടാനുമായി വനംവകുപ്പ് എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചുതുടങ്ങി.അടുത്തിടെ കല്ലടിക്കോട് മലയിൽ സോളാർലാന്പുകളും സ്ഥാപിച്ചിരുന്നു.
വനമേഖലയിലെ രൂക്ഷമായ വന്യമൃഗങ്ങളുടെ കടന്നാക്രമണങ്ങളും ഇതുമൂലം മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും കഴിഞ്ഞദിവസം കാഞ്ഞിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിലുണ്ടായ മരണവും ബന്ധപ്പെട്ട പ്രതിരോധനടപടികളുടെ ഭാഗമായിട്ടു കൂടിയാണിത്.
കരിന്പ പഞ്ചായത്തിലുൾപ്പെട്ട വനാതിർത്തിയിൽ സ്ഥാപിക്കാനുള്ള ലാന്പുകൾ വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു ഏറ്റുവാങ്ങി.കാട്ടാനയിറങ്ങിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ജനങ്ങൾക്ക് ബോധവത്കരണം നല്കുന്നതിന്റെയും കാടിനോട് ചേർന്ന് ഫെൻസിംഗ് സ്ഥാപിക്കുന്നതിന്റെയും അനുബന്ധ പ്രവർത്തനത്തിന്റെയും ഭാഗമായി അടിക്കാടുകൾ വൃത്തിയാക്കിയും തെരുവുവിളക്കുകൾ സ്ഥാപിച്ചും പ്രതിരോധവേലികൾ തീർത്തും കാട്ടാനശല്യം വലിയതോതിൽ നേരിടാനൊരുങ്ങിയിരിക്കുകയാണ്.
ഒലവക്കോട്, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ജീവനക്കാർ, മണ്ണാർക്കാട് റേഞ്ച് ഓഫീസർ ആഷിക് അലി, ഷെരീഫ്, വിനോദ്കുമാർ, ഉണ്ണികൃഷ്ണൻ, കെ.സുനിൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മലയോരമേഖലയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.