നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറി കുത്തി തുരന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച് പുലി എന്ന അഞ്ചാം പുലി ( 52 ) വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31) മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെയാണ് നാദാപുരം മജിസ്ട്രേറ്റ് കോടതി പത്ത് ദിവസത്തേക്ക് തെളിവെടുപ്പിനും,കൂടുതല്‍ അന്വേഷണത്തിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.കഴിഞ്ഞ ഡിസംബര്‍ നാലിനാണ്.
കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിയുടെ പിന് ഭാഗത്തെ ചുമര് കുത്തിതുറന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണാഭരണവും, പണവും കവര്‍ന്നത്.മോഷണത്തിന് ശേഷം നാട് വിട്ട പ്രതികളെ കഴിഞ്ഞ ദിവസമാണ് നാദാപുരം എസ് ഐ എന്‍.പ്രജീഷും സംഘവും പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ മൂന്ന് ദിവസമായി റിമാന്റിലായിരുന്നു.പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച്ച നാദാപുരം കോടതിയില്‍ അന്വേഷണോദ്യോഗസ്ഥന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഇതെ തുടര്‍ന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.ജ്വല്ലറിയില്‍ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും, കവര്‍ച്ച മുതലുകള്‍ വില്‍പ്പന നടത്തിയ സ്ഥലങ്ങളിലും,ചുമര് തുരക്കാനാവശ്യമായ ഇരുമ്പ് ആയുധങ്ങള്‍ വാങ്ങിയ സ്ഥലത്തും,മൂര്‍ച്ച കൂട്ടിയ ആയുധ ശാലയിലും എത്തിച്ച് വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. തൊണ്ടി മുതലുകള്‍ കണ്ടെത്തുക എന്നതാണ് പോലീസിന്റെ പ്രധാന ലക്ഷ്യം.
കവര്‍ച്ച മുതലുകള്‍ പങ്കിടുമ്പോള്‍ പ്രതികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പോലീസിന് മൊഴി ലഭിച്ചിരുന്നു.മോഷണ മുതല്‍ കൂടുതലും കൈവശം വെച്ചത് സംഘത്തലവന് അഞ്ച് പുലിയാണെന്നും ഇയാള്‍ ഇവ തമിഴ്നാട്ടില്‍ വില്പന നടത്തിയതായും പോലീസ് പറഞ്ഞു.
പ്രതികള്‍ താമസിച്ചിരുന്ന വളാഞ്ചേരിയിലെ വാടക വീട്ടില്‍ പോലീസ് സംഘം പ്രതികളെ എത്തിച്ച് പരിശോധന നടത്തും.കവര്‍ച്ചയ്ക്ക് ശേഷം ഒളിവില്‍ പോയ കര്‍ണ്ണാടക,തമിഴ്നാട് എന്നിവിടങ്ങളിലും തെളിവെടുപ്പിനായി കൊണ്ട് പോകും.