അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തില്‍ അമ്പയര്‍മാരും മാച്ച് ഓഫീഷ്യല്‍സും അടക്കം ആരും ശ്രദ്ധിക്കാതെപോയ ഒരു സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയുടെയും ഇന്ത്യന്‍ ടീമിന്റെയും അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെട്ടത് ഇല്ലാത്ത ഒരു റണ്ണായിരുന്നുവെന്നാണ് ഈ വീഡിയോ പറയുന്നത്. മത്സരത്തില്‍ ധോണി ഒരു റണ്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് വീഡിയോ കാണിക്കുന്നു.
നഥാന്‍ ലിയോണ്‍ എറിഞ്ഞ 45-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ലോംഗ് ഓണിലേക്ക് പന്ത് തട്ടിയിട്ട ധോണി നോണ്‍ സ്െ്രെടക്കിംഗ് എന്‍ഡിലെ ക്രീസില്‍ കയറുകയോ ബാറ്റ് കുത്തുകയോ ചെയ്തില്ല. അമ്പയര്‍മാർ ഇക്കാര്യം ശ്രദ്ധിക്കാതെ ധോണിക്കും ഇന്ത്യക്കും ഒരു റണ്‍ നല്കി.
എന്നാല്‍ ധോണിയുടെ ഈ പിഴവ് കാരണം ഇന്ത്യക്ക് മത്സരത്തില്‍ തിരിച്ചടിയേല്ക്കാതിരുന്നത് ഭാഗ്യം കൊണ്ടാണ്. ഐസിസിയുടെ നിയമം അനുസരിച്ച് ബാറ്റ്സ്മാന് റണ്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ടീമിനെതിരേ അഞ്ച് പെനല്‍റ്റി റണ്ണുകള്‍ വിധിക്കാം. ധോണിയുടെ ഈ പിഴവ് അമ്പയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നത് ഇന്ത്യക്ക് രക്ഷയായി.
ധോണി സിംഗിള്‍ പൂര്‍ത്തിയാക്കാതെ തിരിച്ച് നടക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവസാന ഓവറിലേക്ക് നീണ്ട മത്സരം ആറു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 54 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്ന ധോണിയുടെ പ്രകടനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.