കോൽക്കത്ത: ജാദവ്പുർ സർവകലാശാല പുറത്താക്കിയ പ്രഫസസർ സ്ഥിരം പ്രശ്നക്കാരനെന്ന് വിദ്യാർഥികൾ. പ്രഫസർ കനക് സർക്കാരിനെതിരേയാണ് ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത് എത്തിയത്. ഇയാൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയിരുന്നതായി ഇവർ പറയുന്നു. പ്രസഫസറുടെ അടുത്ത് ഒരു പ്രസന്റേഷൻ സമർപ്പിക്കാൻ ചെന്ന വിദ്യാർഥിനിയോട് തന്നോടൊപ്പം നദിയിൽ കുളിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചതായും ആരോപണമുണ്ട്.
പെൺകുട്ടികൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയാൽ ഇത് കനക് സർക്കാർ പരിശോധിച്ചിരുന്നു. സ്ത്രീകളുടെ കന്യാത്വത്തെ സീൽ ചെയ്ത കുപ്പിയോട് ഉപമിച്ചതിനെത്തുടർന്നാണ് പ്രഫസറെ പുറത്താക്കിയത്.
സർവകലാശാല ഇൻറർനാഷണൽ റിലേഷൻസ് വിഭാഗം അധ്യാപക-വിദ്യാർഥി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കനക് സർക്കാരിന്റെ നടപടി സർവകലാശാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വൈസ് ചാൻസിലർ സുരഞ്ജൻ ദാസ് പറഞ്ഞു. പ്രഫസർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർവകലാശാലയിലെ ഇൻറർനാഷണൽ റിലേഷൻസ് വിഭാഗം അധ്യാപകനായിരുന്നു കനക് സർക്കാർ.
ഫേസ്ബുക്കിലാണ് കനക് സർക്കാർ വിവാദ നിരീക്ഷണം നടത്തിയത്. എന്തു കൊണ്ട് കന്യകയായ വധുവായിക്കൂടാ എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ കുറിപ്പാണ് വിവാദമായത്. സീൽ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങുമോ? കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കൻ വിഡ്ഢിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“”ആണ്കുട്ടികൾ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാൻമാരല്ല. കന്യകയായ പെണ്കുട്ടി സീൽചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്ക്കറ്റോ, കുപ്പിയോ സീൽ പൊട്ടിയതാണെങ്കിൽ ആരെങ്കിലും വാങ്ങുമോ?ഒരു പെണ്കുട്ടി ജൻമനാ സീൽ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്.
കന്യകയായ സ്ത്രീയെന്ന് പറഞ്ഞാൽ അതിൽ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്കാരവും എല്ലാം ചേർന്നിരിക്കും- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഭവം വിവാദമായതോടെ കനക് സർക്കാർ പോസ്റ്റ് പിൻവലിച്ചിരുന്നു.