കണ്ണൂർ: നിരോധിത തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽ പോയ കണ്ണൂർ അഴീക്കോട് പൂതപ്പാറ സ്വദേശി എ. അൻവർ കൊല്ലപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന സന്ദേശം പോലീസിന് വന്നതിനു പുറകിലായി ഭാര്യയും മക്കളും നാട്ടിലേക്കില്ലെന്ന സന്ദേശവും വന്നതായി പറയുന്നു.
അൻവറിന്റെ ഭാര്യ നഫ്സില സമൂഹ മാധ്യമമായ ടെലഗ്രാം വഴി അയച്ച ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മൂന്ന് പെൺകുട്ടികളും തിരിച്ച് നാട്ടിലേക്കില്ലെന്നാണ് പറയുന്നത്. അതേസമയം അൻവർ കൊല്ലപ്പെട്ടതായി ഔദ്യോഗികസ്ഥിരീകരണം ഇനിയും വന്നിട്ടില്ല.
മൈസൂരിലേക്ക് കുടുംബസമേതം വിനോദ യാത്ര പോകുന്നുവെന്നാണ് നാട്ടിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്. 2018 നവംബർ 19നാണ് ഭാര്യയേയും ഏഴും നാലും രണ്ടും വയസുള്ള കുട്ടികളെയും കൊണ്ട് ദുബായിലേക്ക് പോയത്.
പിന്നീട് അഫ്ഗാനിസ്ഥാനിൽ എത്തി ഐഎസുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. നാട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവപ്രവർത്തകനായിരുന്നു അൻവർ. നേരത്തെ ഐഎസിൽ ചേരാൻപോയി കൊല്ലപ്പെട്ട പാപ്പിനിശേരി സ്വദേശി ടി.വി. ഷമീറിന്റെ ഭാരയ ഫൗസിയയുടെ സഹോദരിയാണ് അൻവറുടെ ഭാര്യ നഫ്സില.
കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 16ഓളം പേർ ഇതുവരെ ഐഎസിൽ ചേരാൻ പോയി കൊല്ലപ്പെട്ടതായിട്ടാണ് പോലീസിന്റെ നിഗമനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഐഎസിൽ ചേരാൻ പോയവരുടെ കൂടുതൽ വിവരങ്ങൾ ഡിവൈഎസ്പി പി.പി. സദാനന്ദൻ ശേഖരിക്കുന്നുണ്ട്. അവരുടെ കുടുംബത്തിലുള്ളവരെയും ചോദ്യം ചെയ്യുന്നുണ്ട്.