കോട്ടയം: മദ്യലഹരിയിൽ കാട്ടിക്കൂട്ടിയ വികൃതിയിൽ കല്ലിനിടിച്ചു മധ്യവയസ്കനു പരിക്കേറ്റു. സഹോദരനും സഹോദരിയും തമ്മിലുള്ള പിണക്കം തീർക്കാൻ ഫോണിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. പിന്നെ നടന്നത് വാക്കേറ്റവും ഉരുട്ടിപ്പിടുത്തവും കല്ലിനിടിയും. കിടങ്ങൂരിലാണ് സംഭവം.
കട്ടച്ചിറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളായ ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിക്ക് കാരണം അന്വേഷിച്ചപ്പോൾ പുറത്തു വന്നത് മദ്യലഹരിയിൽ നടന്ന സംഭവങ്ങൾ. കല്ലിനിടിയേറ്റയാളും സഹോദരിയും തമ്മിൽ പിണക്കത്തിലാണ്. സഹോദരീ ഭർത്താവിന്റെ അനുജനുമായുണ്ടായ വഴക്കാണ് കല്ലിനിടിയിൽ കലാശിച്ചത്. കിടങ്ങൂരിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
സഹോദരിയുമായുള്ള പിണക്കം തീർക്കാൻ അനുജന്റെ ഫോണിൽ നിന്ന് വിളിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടു. ഇത് മറ്റേയാൾക്ക് ഇഷ്ടപ്പെട്ടില്ല. ‘എനിക്കിപ്പം സൗകര്യമില്ല സംസാരിക്കാൻ ’എന്നു പറഞ്ഞതോടെ സഹോദരിയുടെ അനുജന് ദേഷ്യം വന്നു. ഇതോടെ രണ്ടുപേരും തമ്മിൽ വാക്കു തർക്കമായി.
ഇതിനിടെ ഒരാൾ മറ്റേയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. ശ്വാസംപോലും വിടാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ സമീപത്തു കിടന്ന കല്ലെടുത്ത് നെറ്റിയിലിടിച്ചു. അതോടെ കഴുത്തിൽ നിന്നുള്ള പിടിവിട്ടു. ചോര കണ്ടതോടെ കല്ലിനിടിച്ചയാളും പേടിച്ചുപോയി. അയാൾ ഷർട്ടൂരി ചോര തുടച്ചു. ഉടനെ ആശുപത്രിയിലും എത്തിച്ചു.
സംഗതി ബന്ധുക്കൾ തമ്മിലുള്ള ചെറിയ പ്രശ്നമായതിനാൽ പറഞ്ഞു തീർക്കാൻ ഇരുകൂട്ടരും തയാറായെങ്കിലും മുറിവേറ്റതിനാൽ കേസെടുക്കാതിരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എല്ലാം മദ്യം വരുത്തിയ വിനയായിരുന്നു.