അല്‍പ്പമെങ്കിലും സ്വന്തം കാലില്‍ നില്ക്കാറാവുമ്പോഴേയ്ക്കും മാതാപിതാക്കളെ അധിക്ഷേപിച്ച് തുടങ്ങുകയും പിന്നീട് അവരെ അനാഥാലയത്തിലും അഗതിമന്ദിരത്തിലുമൊക്കെ ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന കാലമാണിത്. മാതാപിതാക്കള്‍ പ്രായമായവരും വാര്‍ധക്യസഹജമായ അവശതകള്‍ അനുഭവിക്കുന്നവരുമാണെങ്കില് പ്രത്യേകിച്ചും.
എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായി സ്വന്തം പിതാവിനെ, അദ്ദേഹത്തിന്റെ വാര്‍ധക്യത്തില്‍ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ട്, ശുശ്രൂഷിക്കുന്ന മകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പാഠമായി പ്രചരിക്കുന്നത്.
ശ്രീനാരായണ ഗുരു സമാധി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയില്‍ പങ്കെടുക്കാനെത്തിയ അച്ഛനും മകനുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. തന്റെ സദ്യ മാറ്റി വച്ച്, വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളാല്‍ ക്ലേശിക്കുന്ന പിതാവിന് ഓരോ ഉരുള വീതം വാരിക്കൊടുക്കുകയാണ് ഈ മകന്. വിളമ്പിയ ചോറ് മുഴുവന്‍ പിതാവിന് വാരിക്കൊടുത്ത്, അദ്ദേഹത്തിന്റെ മുഖവും തുടപ്പിച്ചശേഷമാണ് സ്വന്തം ഇലയില്‍ വിളമ്പിയ ചോറ് ആ മകന് കഴിച്ചതും. അപൂര്‍വ കാഴ്ച കണ്ട, സ്വകാര്യ ചാനലിന്റെ കാമറാമാന് അവ പകര്‍ത്തുകയായിരുന്നു. അതാണ് പിന്നീട് വൈറലായത്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെങ്കിലും കാലാതീതമായ സന്ദേശമാണ് വീഡിയോ പകരുന്നതെന്നതിനാല്‍ ഇപ്പോഴും മാധ്യമങ്ങളിലൂടെ പറന്നു കളിക്കുകയാണ് ഈ വീഡിയോ. എത്ര സ്റ്റഡി ക്ലാസുകള്‍ക്കും പഠിപ്പിക്കാന്‍ കഴിയാത്ത സന്ദേശം പകര്‍ന്നുകൊണ്ടു തന്നെ. ഇതുവരെയും ഈ വീഡിയോ കാണാത്തവരുണ്ടെങ്കില്‍ കാണുക തന്നെ ചെയ്യണം. മക്കളെ കാണിക്കുകയും ചെയ്യണം.