കാഞ്ഞിരപ്പുഴ: ടൂറിസം വികസനത്തിനു വഴിമരുന്നിട്ട് ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനു നടപടി. ഏറെക്കാലത്തെ കാത്തിരിപ്പിനും പരാതികൾക്കും ഒടുവിലാണ് റോഡ് യാഥാർഥ്യമാകുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച വ്യത്യസ്ത രീതിയിലാണ് ചിറക്കൽപ്പടി മുതൽ കാഞ്ഞിരപ്പുഴ വരെയുള്ള എട്ടു കിലോമീറ്റർ ദൂരമുള്ള റോഡ് നിർമാണം.
നിർമാണത്തിന് 30.26 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്യുന്നതിനു 3.78 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനത്തിനാകട്ടെ ഒരു കിലോമീറ്ററിന് 1.75 കോടി രൂപയേ ചെലവുവരുന്നുള്ളൂ. പതിമൂന്നു മീറ്റർ വീതിയുള്ളതിനാൽ റോഡിൽ കൂടി സുഗമമായ സഞ്ചാരത്തിനും കഴിയും.
നിലവിലെ റോഡിന്റെ രൂപരേഖയ്ക്ക് അനുസരിച്ചാണ് പുതിയ രൂപരേഖ തയാറാക്കിയത്. ആധുനിക ഫുട്പാത്തുകൾ, മഴവെള്ളച്ചാലുകൾ, കൾവർട്ടുകൾ എന്നിവ ഇതിനായി നിർമിക്കും. കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന്റെ പ്രത്യേത താത്പര്യത്തെ തുടർന്നാണ് റോഡിനായി കാഞ്ഞിരപ്പുഴയിൽ സമഗ്രപദ്ധതി നടപ്പാക്കുന്നത്.
ടൂറിസം വികസനം, മലയോര കുടിയേറ്റ മേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ റോഡ് വികസനം, അട്ടപ്പാടി ബദൽ റോഡിലേക്കുള്ള പ്രവേശനകവാടം എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളാണ് റോഡിനുള്ളത്. പതിമൂന്ന് മീറ്റർ വീതിയിൽ റോഡിന്റെ അടിത്തറ ബലപ്പെടുത്തി ഏഴുമീറ്റർ വീതിയിൽ ടാറിംഗ് നടത്തും. മന്ത്രി ജി.സുധാകരനാണ് നിർമാണപ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്. ഒന്നരവർഷംകൊണ്ടു പൂർത്തിയാകുന്ന രീതിയിലാണ് നിർമാണം.