പാലക്കാട്: ചന്ദനക്കടത്തിനിടെ രണ്ടുപേർ പട്ടാന്പി കൊപ്പം പോലീസിന്റെ പിടിയിലായി. 1085 കിലോ ചന്ദനമാണ് പ്രതികളിൽ നിന്ന് കൊപ്പം പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് കൊപ്പം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കൊപ്പം-മുളയൻകാവ് റോഡിൽവച്ച് സംശയാസ്പദമായ നിലയിൽ പിക്കപ്പ് വാൻ പിടികൂടിയത്.
ഇതു പരിശോധിച്ചപ്പോഴാണ് ഇതിൽ നിന്നും ചന്ദനം പിടികൂടിയത്. സംഭവത്തിൽ കുലുക്കല്ലൂർ സ്വദേശികളായ പട്ടന്പറന്പ് വീട്ടിൽ മുഹമ്മദ് (29), പൂവക്കളത്തിൽ ചാമി മകൻ രാജൻ (37) എന്നിവരെ അറസ്റ്റുചെയ്തു. കൊപ്പം എസ് ഐ എം.ബി. രാജേഷ്, അഡീഷണൽ എസ് ഐ രാമകൃഷ്ണൻ, എ എസ് ഐ മധുസൂദനൻ, സിപിഒമാരായ രാജേഷ്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
പിടികൂടിയ സംഘത്തെ ഇന്നലെതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊപ്പം പോലീസിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.