നാലര വര്‍ഷം മുമ്പ് 227 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കടലില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി. പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42 കാരനായ മല്‍സ്യത്തൊഴിലാളി റുസ്ലി ഖുസ്മിന്‍ പറഞ്ഞു. എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകര്‍ന്നു വീണ കടലിലെ കൃത്യമായ സ്ഥലം മല്‍സ്യത്തൊഴിലാളികള്‍ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തിയിരുന്നു.
താനും തന്റെ സുഹൃത്തുക്കളും ഈ ദൃശ്യം കണ്ടുവെന്നും തങ്ങള്‍ അത് ജിപിഎസില്‍ രേഖപ്പെടുത്തിയെന്നും റുസ് ലി പറഞ്ഞു. വിമാനം തകര്‍ന്നു വീണ് നാലരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.
റുസ് ലി പറയുന്നതനുസരിച്ച് വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. എംഎച്ച്370 വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട തായ്ലന്ഡിലെ ഫൂകെട്ട് ദ്വീപിനു സമീപത്താണ് ഈ പ്രദേശവും. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന്റെ മാപ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ റുസ്ലി കാണിച്ചു. ശബ്ദമില്ലാതെയാണ് വിമാനം കടലിലേക്ക് വീണതെന്നും അദ്ദേഹം പറഞ്ഞു.’പിടിവിട്ട പട്ടത്തെ പോലെ വിമാനം ഇടത്തു നിന്നു വലത്തോട്ടു നീങ്ങുന്നത് കാണാമായിരുന്നു. ഒരു ശബ്ദവും ഉണ്ടായിരുന്നില്ല. കടലില്‍ മുങ്ങും മുന്‍പെ കറുത്ത പുക പൊങ്ങുന്നത് കാണാമായിരുന്നു’ റുസ്ലി പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താന്‍ കാത്തിരുന്നത് എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് റുസ്ലി മറുപടി നല്‍കിയില്ല.
നാലര വര്‍ഷം മുന്‍പ് ഒരു മാര്‍ച്ച് എട്ടിന് ക്വാലലംപുരില്‍ നിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് ബോയിങ് 777 മോഡല്‍ വിമാനം കാണാതായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായികരുന്നു. യാത്രാവഴിയില്‍ നിന്നു വ്യതിചലിച്ച വിമാനം തെക്കുഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ഒടുവില്‍ വിമാനത്തിലെ ഇന്ധനം അവസാനിച്ചു. പിന്നെയും 140 മൈല്‍ ദൂരം പറന്നതിനു ശേഷമാണു വിമാനം തകര്‍ന്നതെന്നാണു വിഗദ്ധരുടെ നിഗമനം. എന്നാല്‍ അതിനും മുന്‍േപ തന്നെ വിമാനം ചുഴിയിലേക്കു പതിച്ചതായാണ് മറ്റൊരു വാദം.
കോടിക്കണക്കിനു രൂപ ചെലവിട്ട് നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. കടലിന്നടിയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ കാണാതായ കപ്പലുകള്‍ പൊക്കിയെടുക്കുന്ന കമ്പനികള്‍ വരെ കിണഞ്ഞു പരിശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. അത്യാധുനിക ഉപകരണങ്ങള്‍ വന്നു. പക്ഷേ കടലിന്റെ ആഴങ്ങള്‍ അതിനെയെല്ലാം നോക്കി നിഗൂഢമായി ചിരിച്ചു കൊണ്ടേയിരുന്നു. വിമാനത്തിന് എന്തു സംഭവിച്ചു എന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളും അനുമാനങ്ങളും ഉയര്‍ന്നുവന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പല തീരങ്ങളിലായി നേരത്തേ എംഎച്ച് 370യുടെ അവശിഷ്ടങ്ങളടിഞ്ഞിട്ടുണ്ട്. മോറിഷ്യസ്, റീയൂണിയന് ഐലന്‍ഡ്, ടാന്‍സാനിയന്‍ തീരം, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, മഡഗാസ്കര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ എംഎച്ച് 370യുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിന് എന്തു സംഭവിച്ചു എന്നറിയുന്നതില്‍ നിര്‍ണായകമായ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും പക്ഷേ ഇന്നേവരെ കണ്ടെത്താനായിട്ടില്ല.