കോഴിക്കോട്: സ്ഥിര നിയമനം ആവശ്യപ്പെട്ടു കൊണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നിപ്പാ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തിരുന്ന കരാർ തൊഴിലാളികൾ ആശുപത്രി പരിസരത്ത് ആരംഭിച്ച സമരം പതിനാല് ദിവസം പിന്നിട്ടു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി അധികൃതരുടെ ഭാഗത്ത് നിന്നും നീക്കം ഒന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ സമരപന്തലിൽ ജീവനക്കാരിൽ ഒരാളായ വെള്ളിപറമ്പ് കീഴ്മാട് സ്വദേശി ഭഗവതി പറമ്പത്ത് മേത്തൽ രജീഷ് നിരാഹാര സമരം തുടങ്ങി. വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ ഇ.പി.രജീഷ് അധ്യക്ഷത വഹിച്ചു. എ.പി. സിദ്ധീഖ്, ടി. മിനി, പി.സുബ്രഹ്മണ്യൻ എന്നിവര്‍ പ്രസംഗിച്ചു.സ്ഥിര നിയമനം നടപ്പിലായി കിട്ടുന്നത് വരെ സമരവുമായി മുമ്പോട്ട് പോകുമെന്ന് ജീവനക്കാർ പറഞ്ഞു. അതിനിടെ സമരം ആരോഗ്യ മന്ത്രി ഇടപെട്ട് ഒത്തുതീർപ്പാക്കിയതായി നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ നജീബ് കാന്തപുരം സമരപന്തലിലെത്തി ജീവനക്കാരുമായി ചർച്ച നടത്തി.ജീവനക്കാരെ യാതൊരു മുന്നറിയിപ്പ് നൽകാതെ പിരിച്ചുവിട്ടതിൽ നജീബ് കാന്തപുരം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.