കൊല്ലം : വെളിയം ഗ്രാമപഞ്ചായത്തില്‍ ജപ്പാന് കുടിവെള്ളപദ്ധതിയുടെ വിതരണം ഇതുവരെ ആരംഭിക്കാന്‍ കഴിയാത്തതിന് പിന്നില്‍ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. സമീപ പഞ്ചായത്തുകളിലെല്ലാം ജപ്പാന് കുടിവെള്ള പദ്ധതിയുടെ വിതരണം ആരംഭിച്ചിട്ടും വെളിയം ഗ്രാമപഞ്ചായത്തില്‍ ഇതുവരെ പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല.
ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞെന്നും ഉടന്‍ പദ്ധതി ആരംഭിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പദ്ധതി എന്ന് തുടങ്ങുമെന്നോ പണി എന്ന് പൂര്‍ത്തീകരിക്കുമെന്നോ പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
വേനല്‍ കടുത്തതോടു കൂടി വെളിയം ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. മാലയില്‍, മലപ്പത്തൂര്‍, കളപ്പില, വാപ്പാല, മുട്ടറ, ചൂരക്കോട്, കൊട്ടറ, വെളിയം കോളനി, മാലയില്‍ മറവന്‍കോട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ ജപ്പാന് കുടിവെള്ള പദ്ധതിയുടെ വിതരണം വെളിയം പഞ്ചായത്തില്‍ അടിയന്തിരമായി ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ജപ്പാന് കുടിവെള്ള പദ്ധതിയുടെ വിതരണം വെളിയം പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കാത്ത വിധമാണ് ഇപ്പോള്‍ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.