മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ജംഗ്ഷനായ വായാന്തോട് സീബ്രാലൈനും സിഗ്നൽ ബോർഡും സ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരാണ് ഏറെയും പ്രയാസപ്പെടുന്നത്. മട്ടന്നൂർ -കണ്ണൂർ റോഡിൽ വായാന്തോട് ടൗണിലാണ് പൊതുമരാമത്ത് അധികൃതർ സീബ്രാലൈനും സിഗ്നൽ ബോർഡും സ്ഥാപിക്കാത്തത്.
വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലുടെ കടന്നുപോകാൻ കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്. വിമാനത്താവളത്തിൽ നിന്നും മട്ടന്നൂർ -കണ്ണൂർ ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ ചീറിപ്പായുമ്പോൾ റോഡ് കടക്കാനാകാതെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രയാസം അനുഭവിക്കുകയാണ്. മട്ടന്നൂർ ടൗണിലും വായാന്തോടും വിമാനത്താവളത്തിലേക്കുള്ള ദിശാ ബോർഡും സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
കർണാടകത്തിൽ നിന്നെത്തുന്നവരാണ് ബോർഡില്ലാത്തതിനാൽ കൂടുതലായും പ്രയാസപ്പെടുന്നത്. കണ്ണൂർ റോഡിൽ വായാന്തോട് കയറ്റത്തിൽ വിമാനത്താവളത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും മറ്റു സ്ഥലങ്ങളിൽ ബോർഡ് വച്ചിട്ടില്ല.