മട്ടന്നൂർ: അന്താരാഷ്ട്ര യുഎൻ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ശ്രദ്ധേയമായി. പ്ലസ് വൺ വിദ്യാർഥി സി.സി.മുഹമ്മദ് ഹനാനാണ് മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തത്. കഴിഞ്ഞ 11 മുതൽ 14 വരെ ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ നടത്തിയ ഗ്ലോബൽ ഗോൾസ് മീറ്റിലാണ് പ്രബന്ധം അവതരിപ്പിച്ചത്.
ലൈവ് ഹുഡ്ജോബ് ഓപ്പർച്ചുനിറ്റീസ് ആൻഡ് പ്രൊഡക്ടീവ് റീസോർസ് ഇൻഡവലപ്പിംഗ് കൺട്രി എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്.ലോകരാജ്യങ്ങൾക്കിടയിലുള്ള ദാരിദ്ര്യ നിർമാർജനം – പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ നടന്ന പൊതുചർച്ചയിലും മുഹമ്മദ് ഹനാൻ പങ്കെടുത്തു. ലോകത്തിലെ 80 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 568 പേരാണ് പ്രബന്ധം അവതരിപ്പിക്കാൻ എത്തിയത്.
ഇതിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഇരിട്ടി കീഴൂരിലെ അബ്ദുൾ സലാം – നസറി ദമ്പതികളുടെ മകനാണ്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.ജയ, മാനേജർ കെ.ടി.ശിവദാസ്, കൃഷ്ണകുമാർ കണ്ണോത്ത്, പി.സുരേഷ് ബാബു, എം.കെ. ഇസ്മയിൽ ഹാജി, യതീന്ദ്രദാസ്, വി.എൻ.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.