കണ്ണൂർ: പേരാവൂർ സഹകരണ ആശുപത്രി വിൽപനയുമായി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടികളിൽ സിപിഎം വിയർക്കുന്നു. സിപിഎം ഏരിയാ കമ്മിറ്റി മെന്പറും കോളയാട് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. സുരേഷ് കുമാറിനെതിരേയുള്ള സംസ്ഥാന കമ്മിറ്റിയുടെ നടപടിക്കെതിരേയാണ് പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. അച്ചടക്ക നടപടികളെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ പങ്കെടുത്ത യോഗത്തിൽ നിന്നും സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ള 30ഓളം അംഗങ്ങൾ ഇറങ്ങിപ്പോയി.
നെടുംപൊയിൽ, കോളയാട് ലോക്കൽ പാർട്ടി അംഗങ്ങളുടെ സംയുക്ത ജനറൽബോഡി യോഗത്തിൽനിന്നായിരുന്നു ഇറങ്ങിപ്പോക്ക്. ഇതു സിപിഎമ്മിനെ പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടി അച്ചടക്കനടപടി നേരിട്ട സുരേഷ് കുമാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചാൽ കൂടുതൽ അംഗങ്ങൾ രാജിവയ്ക്കുമെന്നാണ് സൂചന. ഇതുകോളയാട് പഞ്ചായത്ത് ഭരണസമിതിയിൽ പ്രതിസന്ധി സൃഷ്ടിക്കും.
നെടുംപൊയിൽ, കോളയാട് ലോക്കൽ കമ്മിറ്റിയിലെ ഏഴ് ബ്രാഞ്ചുകൾ സുരേഷ് കുമാറിനൊപ്പമാണ്. സുരേഷ് കുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കാനും പാർട്ടിയിൽ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും മാറ്റാനുമാണ് സംസ്ഥാന കമ്മിറ്റി തീരുമാനം.ഈരായിക്കൊല്ലി, ഞാലിൽ, വായന്നൂർ, കണ്ണന്പള്ളി, വേക്കളം തുടങ്ങി ഏഴിടങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാരും ആ മേഖലയിൽനിന്നുള്ള ലോക്കൽ കമ്മിറ്റി മെന്പർമാരും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റുമാണ് ഇറങ്ങിപ്പോയത്.
യോഗത്തിൽ പി. ജയരാജൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് ബഹളമുണ്ടായത്. അതിനിടെ പേരാവൂർ ഏരിയാ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, കോളയാട് ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ എ.പി. കുഞ്ഞഹമ്മദ്, പേരാവൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗവും സൊസൈറ്റി പ്രസിഡന്റുമായിരുന്ന പി.ജി. പവിത്രൻ എന്നിവരെ താക്കീത് ചെയ്യുവാനും സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നലെ പേരാവൂർ ഏരിയാകമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പേരാവൂർ സഹകരണ ആശുപത്രി വിൽപനയുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരേയാണ് അച്ചടക്ക നടപടി കൈകൊണ്ടത്.