തിരുവനന്തപുരം: ആലപ്പാട്ട് കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണം. സമരത്തിൽ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
വ്യാഴാഴ്ച സമരക്കാരുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിദഗ്ധസമിതി റിപ്പോർട്ട് വരുന്നതുവരെ ഒരു മാസത്തേക്ക് സീ വാഷിംഗ് നിർത്തിവയ്ക്കണമെന്ന സർക്കാർ നിർദേശം സമരസമിതി തള്ളിയിരുന്നു. ഖനനം നിർത്തിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.