ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വിലക്ക് നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍. രാഹുലിനും പിന്തുണയുമായി മുൻ നായകൻ സൗരവ് ഗാംഗുലി. തെറ്റുകൾ മനുഷ്യസഹജമാണെന്ന് വിലയിരുത്തിയാണ് ഇരുവരേയും ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ പിന്തുണച്ചത്.
നമ്മളെല്ലാം മനുഷ്യരാണ്, നമ്മൾ ചെയ്യുന്നതെല്ലാം പരിപൂർണമാവണമെന്നില്ല. ഇവിടെനിന്നും അവർ മുന്നേറണം. ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്നും മുൻ നായകൻ ഉപദേശിച്ചു. ഹര്‍ദിക്കും രാഹുലും ഇക്കാര്യങ്ങൾ മനസിലാക്കുകയും മികച്ച വ്യക്തിത്വങ്ങളായി പുറത്തുവരുകയും ചെയ്യും. നമ്മളെല്ലാം മനുഷ്യരാണ്. നമ്മളാരും യന്ത്രങ്ങളല്ല. എല്ലാ കാര്യങ്ങളും പരിപൂർണതയോടെ സംഭവിക്കണമെന്നില്ല. നിങ്ങൾ ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക- ഗാംഗുലി പറഞ്ഞു.
ഇത്തരം കാര്യങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അതിൽനിന്നും മുന്നോട്ടുപോകുക. ഇനിയും ആവർത്തിക്കാതിരിക്കുക. ആധുനിക കാലത്ത് ക്രിക്കറ്റ് താരങ്ങൾ ഉത്തരവാദിത്വമുള്ളവരാണ്. വിരാട് കോഹ്ലി ഇത് ഉത്തമ ഉദാഹരണമാണെന്നും ഗാംഗുലി പറഞ്ഞു.