സെബി മാത്യു
ന്യൂഡൽഹി: ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷനിൽനിന്ന് ഇന്ത്യ വാങ്ങാൻ കരാറുറപ്പിച്ച 36 റഫാൽ യുദ്ധവിമാനങ്ങളുടെ വില ഇരട്ടിയായി വർധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന്. ഉദ്യോഗസ്ഥതലത്തിൽനിന്നുള്ള എതിർപ്പുകളെ അവഗണിച്ചാണ് കേന്ദ്രസർക്കാർ കരാറിലേർപ്പെട്ടതെന്നാണ് വിവരം.
ദി ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പ് ചെയർമാൻ എൻ. റാം ആണ് ഹിന്ദു ദിനപത്രത്തിലൂടെ ഈ വിവരങ്ങൾ ഇന്നു പുറത്തു വിട്ടത്. ഇന്ത്യയിൽനിന്ന് കരാർ ചർച്ചയുടെ ഭാഗമായ ഏഴംഗ ഉദ്യോഗസ്ഥസംഘത്തിലെ മൂന്നു പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ വിലവർധനവിനെ എതിർത്തിരുന്നു എന്നാണ് വെളിപ്പെടുത്തൽ.
ജോയിന്റ് സെക്രട്ടറി രാജീവ് വർമ, ഫിനാൻഷ്യൽ മാനേജർ അജിത് സുലേ, ഉപദേഷ്ടാവ് എം.പി. സിംഗ് എന്നിവർ ഇന്ത്യക്കു കൈമാറുന്ന വിമാനങ്ങളുടെ വില വളരെ ഉയർന്നതാണെന്ന് ഫയലിൽ കുറിച്ചിരുന്നു. ഇതിനെ മറികടന്നാണ് സർക്കാർ കൂടിയ വിലയ്ക്ക് യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.
വ്യോമസേന ആവശ്യപ്പെട്ട 126 വിമാനങ്ങൾക്കു പകരം 36 വിമാനങ്ങൾ മതിയെന്നു തീരുമാനിച്ച് 2015 ഏപ്രിൽ പത്തിന് പാരീസിൽ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇതോടെയാണ് പൂർണസജ്ജമായ വിമാനങ്ങളുടെ വില 41.42 ശതമാനമായി വർധിക്കാൻ ഇടയാക്കിയത്.
റഫാൽ വിമാനങ്ങളുടെ വിലവിവരം പാർലമെന്ററി അച്ചടക്കസമിതിക്കു മുന്നിൽ പോലും വെളിപ്പെടുത്താൻ സർക്കാർ മടിച്ചതും ഇക്കാരണങ്ങൾ കൊണ്ടാണെന്നാണ് വിലയിരുത്തൽ. വിലവിവരങ്ങൾ വെളിപ്പെടുത്തരുതെന്നത് ഫ്രഞ്ച് സർക്കാരുമായുണ്ടാക്കിയ കരാറിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവർ വാദിച്ചിരുന്നത്.
എന്നാൽ, ഫ്രഞ്ച് സർക്കാർ നൽകുന്ന വിവരം അനുസരിച്ച് വിലയിൽ അല്ല രഹസ്യധാരണ, മറിച്ച് വിമാനങ്ങളുടെ സുരക്ഷാസാങ്കേതിക വിവരങ്ങളിൽ മാത്രമേ രഹസ്യസ്വഭാവം ഉള്ളൂ എന്നാണ്.
രാജ്യസുരക്ഷയെ ബാധിക്കുമെന്നും കരാറിന്റെ ചട്ടലംഘനം ആകുമെന്നും ആവർത്തിച്ചാണ് കേന്ദ്രസർക്കാരും പ്രതിരോധമന്ത്രിയും വിമാനങ്ങളുടെ വിലവിവരം പാർലമെന്റിൽ വെളിപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യങ്ങളെയും നിരാകരിച്ചിരുന്നത്.
വിലവിവരം വെളിപ്പെടുത്താൻ മോദി തയാറാകണമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോദിയുടെ സുഹൃത്തും വ്യവസായിയുമായ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനുവേണ്ടി റഫാൽ വിമാനക്കരാർ മോദി നേരിട്ട് ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ പുറംതള്ളിയാണ് റിലയൻസിനു കരാർ നൽകിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മോദി ആവശ്യപ്പെട്ടിട്ടാണ് റഫാൽ കരാറിൽ റിലയൻസിനെ ചേർത്തതെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസെ വൊളാന്തോ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യവും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പാർലമെന്റിൽ അടക്കം ഉന്നയിച്ചിരുന്നു.
എന്നാൽ, വിമാനത്തിന്റെ വിലവിവരം ഉൾപ്പെടെയുള്ള രഹസ്യ സ്വഭാവ രേഖകൾ ആവശ്യപ്പെട്ട് കോണ്ഗ്രസ് രാജ്യസുരക്ഷയെ അപകടത്തിലാക്കാൻ ശ്രമിക്കുകയാണെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ നടന്ന റഫാൽ ചർച്ചയിൽ തിരിച്ചടിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ദസോ ഏവിയേഷൻ കരാർ നേടുന്പോൾ 2017ൽ ഇന്ത്യക്ക് ആവശ്യമായ 126 വിമാനങ്ങളിൽ 18 പൂർണസജ്ജ വി്മാനങ്ങൾക്ക് 79.3 മില്യണ് യൂറോ ആയിരുന്നു വില.
എന്നാൽ, 2016ൽ എൻഡിഎ സർക്കാർ കരാറിലേർപ്പെടുന്പോൾ ഇരട്ടിയിലേറെയായി വർധിച്ചു. അതായത് മുൻ ധാരണയിൽനിന്നു വ്യത്യസ്തമായി 41.4 ശതമാനം വില നൽകിയാണ് ഇന്ത്യ ഇപ്പോൾ 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. 126 വിമാനങ്ങളിൽ 18 പൂർണസജ്ജ വിമാനങ്ങൾ ഒഴികെ ബാക്കിയുള്ളവ എച്ച്എഎലിന്റെ മേൽനോട്ടത്തിൽ ഇന്ത്യയിൽ നിർമിക്കാനായിരുന്നു മു്ൻ ധാരണ. എന്നാൽ, മോദിസർക്കാരിന്റെ കരാറിൽ 36 പൂർണസജ്ജ വിമാനങ്ങളും ദസോ ഏവിയേഷൻതന്നെ നിർമിച്ചുനൽകുന്ന രീതിയിലായി കരാർ.
റഫാൽ കരാറിൽ അന്വേഷണം നടത്താനില്ലെന്ന് സുപ്രീംകോടതി വിധിച്ചതിന്റെ ബലത്തിലാണ് നരേന്ദ്രമോദി സർക്കാർ തങ്ങളുടെ ഭാഗത്ത് അഴിമതി നടന്നിട്ടില്ലെന്ന അവകാശവാദം ഉയർത്തുന്നത്. എന്നാൽ, തങ്ങൾ അന്വേഷിക്കുന്നില്ല എന്നു സുപ്രീംകോടതി പറഞ്ഞതല്ലാതെ മറ്റ് അന്വേഷണങ്ങളെയൊന്നും കോടതി വിലക്കിയിട്ടുമില്ല.
സംയുക്ത പാർലമെന്ററി സമിതി റഫാൽ കരാറിലെ വില വിവരം ഉൾപ്പെടുന്ന വസ്തുതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനെ പാടേ തള്ളിക്കളയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ അഴിമതിക്കറ പുരളാത്ത ഏക സർക്കാർ തങ്ങൾ മാത്രമാണെന്ന അവകാശവാദം ഉന്നയിക്കുക മാത്രമാണ് ചെയ്തത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം തങ്ങൾ അധികാരത്തിലെത്തിയാൽ റഫാൽ കരാറിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ജയിലിലടയ്ക്കുമെന്ന് രാഹുൽഗാന്ധിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.