ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനുമായ അജിത് ഡോവലിന്റെ ഇളയ മകൻ വിവേക് ഡോവൽ ഡയറക്ടറായ കന്പനിയുടെ ഒരു വര്‍ഷത്തെ വിദേശ നിക്ഷേപം 8,300 കോടി രൂപ. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിൽ കേമെൻ ദ്വീപിൽ രൂപവത്കരിച്ച കന്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
ഡോവലിന്റെ മകൻ വിവേക് ഡയറക്ടറായ കന്പനിയുടെ ഇടപാടുകളെക്കുറിച്ച് ’ദി കാരവൻ’ മാസിക കഴിഞ്ഞദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു. അമേരിക്ക, ബ്രിട്ടണ്, സിംഗപ്പൂർ, കെയ്മാൻ ദ്വീപ് എന്നിവിടങ്ങളിലെ വ്യാപാര രേഖകളിൽ നിന്നാണ് അജിത് ഡോവലിന്റെ മകന്റെ നികുതി വെട്ടിപ്പുകളുടെ വിവരം വെളിപ്പെട്ടത്.
2017 നവംബർ എട്ടിന് മോദി നോട്ട് അസാധുവാക്കിയതിന്റെ പതിമൂന്നാം ദിവസമാണ് നികുതി വെട്ടിപ്പിന്റെ താവളമായ കെയ്മാൻ ദ്വീപിൽ വിവേക ഡോവലിന്റെ കന്പനി രജിസ്റ്റർ ചെയ്തത്. ബ്രിട്ടീഷ് പൗരത്വം നേടിയ വിവേക് ഡോവൽ സിംഗപ്പൂരിലാണ് താമസം. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റാണു ഇദ്ദേഹം.
ജിഎൻവൈ ഏഷ്യ ഫണ്ട് എന്ന പേരിൽ കെയ്മാൻ ദ്വീപിൽ അടക്കമുള്ള ഹെഡ്ജ് ഫണ്ടിന്റെ ഡയറക്ടറാണ് വിവേക് എന്ന് 2018 ജൂലൈയിലെ രേഖയിൽ പറയുന്നു. ഗൽഫിലെ പ്രമുഖനായ അൽതാഫ് മുസ്ലിയാം, ഡോണ്‍ ഡബ്ളു.
ഇബാങ്ക്സ് എന്നിവരും ഡയറക്ടർമാരാണ്. വിവാദമായ പനാമ പേപ്പറുകളിലും പാരഗ്രാഫ് പേപ്പറുകളിലും പറയുന്ന വാക്കേഴ്സ് കോർപറേറ്റ് എന്ന കന്പനിയുടെ നിരീക്ഷണത്തിലാണ് ജിഎൻവൈ ഏഷ്യയുടെ നിയമപരമായ വിലാസമെന്നും റിപ്പോർട്ട് പറയുന്നു.
ബിജെപി രാഷ്ട്രീയക്കാരനായ അജിത് ഡോവലിന്റെ മറ്റൊരു മകൻ ശൗര്യ ഡോവലുമായി ചേർന്നാണു വിവേക് ഡോവലിന്റെ ബിസിനസ് എന്നും വാർത്തയിലുണ്ട്.
മോദി സർക്കാരിന്റെ ബൗദ്ധിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ് ശൗര്യ.
വിവേകിന്റെയും ജേഷ്ഠൻ ശൗര്യയുടെയും ബിസിനസുകൾ തമ്മിൽ പരസ്പരം ബന്ധമുണ്ടെന്നും പറയുന്നു. ശൗര്യ ഡോവലിന്റെ ജീവനക്കാരിൽ പലരും ജിഎൻവൈ ഏഷ്യയും ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായും ചേർന്നാണു പ്രവർത്തിക്കുന്നതെന്നും കാരവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നികുതിയിളവിനും നികുതി വെട്ടിപ്പിനും പേരുകേട്ട വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന തട്ടിപ്പു കന്പനികൾക്കെതിരേ കർശന നടപടി വേണമെന്ന് 2011ൽ അജിൽ ഡോവൽ തന്നെ കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു.