ചങ്ങനാശേരി: സഹപാഠിക്കായി ഒരു രൂപ നീക്കിവച്ചു. അ തൊരു നിക്ഷേപമായി വളർ ന്നപ്പോൾ പൂവണിഞ്ഞത് ഒരു വീടെന്ന സ്വപ്നം. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരു വർഷം സ്വരൂപിച്ച ആറുലക്ഷം രൂപ വിനിയോഗിച്ചാണ് സഹപാഠിക്ക് ഭവനമൊരുക്കിയത്. സ് കൂളിന്റെ ശതോത്തര രജത ജുബിലി സ്മാരകമായാണ് സഹപാഠിക്ക് വീട് ഒരുക്കിയത്. അനഘ എന്ന വിദ്യാർഥിനിക്കാണ് വീടുവച്ചു നൽകിയത്.
ജുബിലിവർഷാരംഭത്തിൽ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിഭാവനം ചെയ്ത് എല്ലാവരുടെയും സംഭാവന ഇക്കാര്യത്തിനായി നിക്ഷേപിക്കുകയായിരുന്നു. ആകെ ലഭിച്ച പതിനൊന്ന് അപേക്ഷകളിൽ ഏറ്റവും അർഹതയുണ്ടെന്ന് കണ്ടെത്തിയ വിദ്യാർഥിനിക്കാണ് വീട് നൽകിയത്. പദ്ധതിയുടെ സാക്ഷാത്കാരത്തിനായി രണ്ട് ഭക്ഷ്യമേളകൾ സംഘടിപ്പിച്ചു.
കത്തീഡ്രൽ വികാരി ഫാ.കുര്യൻ പുത്തൻപുര, നഗരത്തിലെ വ്യാപാരി തൂന്പുങ്കൽ കുഞ്ഞച്ചി, തിരുപ്പൂർ തുണി മില്ലിലെ മലയാളി സമാജം, സ്കൂളിലെ അധ്യാപകർ എന്നിവരുടെ സഹായസഹകരണം കൂടിയായപ്പോൾ മനോഹരമായ ഒരു കൊച്ചുവീട് യാഥാർഥ്യമായി.
രണ്ട് മക്കളും അച്ഛനും രോഗിയായ അമ്മയും അടങ്ങിയ കുടുംബത്തിന് ഈ വീട് വലിയ ആശ്വാസമായി. 22ന് നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്ന സംസ്ഥാന ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം വീടിന്റെ താക്കോൽ സമ്മാനിക്കും. വീടിന്റെ നിർമാണപ്രവർത്തനം ലാഭേച്ഛ കൂടാതെ ഏറ്റെടുത്തു നടത്തിയത് തൃക്കൊടിത്താനം സ്വദേശിയായ ലാച്ചൻതറ ജസ്റ്റിൻ മാത്യുവാണ്.
റേഡിയോ മീഡിയ വില്ലേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി വെഞ്ചരിപ്പുകർമം നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. കുര്യൻ പുത്തൻപുര, സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ പ്രസന്ന, ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റോംസി, പിറ്റിഎ പ്രസിഡന്റ് കെ. ജെ ഫിലിപ്പ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.