കായംകുളം : വിനോദത്തിനായി ഒരു സിനിമ കാണാൻ ദൂരെ സ്ഥലങ്ങളിൽ കുടുംബസമ്മേതം പോയിരുന്ന കായംകുളം നിവാസികൾക്ക് ഇനി സ്വന്തം നാട്ടിൽ സിനിമ കാണാം. സിനിമാ തിയേറ്ററുകളില്ലാത്ത കായംകുളം പട്ടണത്തിൽ മൾട്ടി പ്ലക്സ് തിയറ്റർ നിർമിക്കാൻ കിഫ്ബി 15.03 കോടി അനുവദിച്ചതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു.
നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് തിയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഇവിടെ നിർമിക്കുന്നത്. ഒന്ന്, മൂന്ന്, സ്ക്രീനുകളിൽ 152 പേർക്ക് വീതവും സ്ക്രീൻ രണ്ടിൽ 200 പേർക്കും ഉള്ള ഇരിപ്പിടങ്ങളാണ് തിയറ്ററിൽ ഒരുക്കുന്നത്.
അത്യാധുനിക രീതിയിലുള്ള ഫോർ കെ പ്രോജക്ഷൻ, ഡോൾ ബി അറ്റ്മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ, ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, റാന്പ്, ലിഫ്റ്റ് സംവിധാനം, വിശാലമായ പാർക്കിംഗ് സംവിധാനം എന്നിവയാണ് ഒരുക്കുന്നത്.
കായംകുളം കെഎസ്ആർടിസി ഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനൽകിയ എഴുപത്തി ഏഴ് സെന്റ് സ്ഥലത്താണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചതായും എംഎൽഎ പറഞ്ഞു. കഴിഞ്ഞ 2017 സെപ്തംബറിലാണ് മൾട്ടി പ്ലക്സ് തിയറ്റർ നിർമിക്കാൻ കായംകുളം നഗരസഭയുടെ സ്ഥലം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് പാട്ടത്തിന് നൽകി സർക്കാർ ഉത്തരവ് ഇറക്കിയത്.
30 വർഷത്തേക്കാണ് നഗരസഭയുടെ സ്ഥലം പാട്ടവ്യവസ്ഥയിൽ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന് പാട്ടത്തിന് വിട്ട് നൽകുന്നത്. പാട്ടത്തുകയായി എട്ടുലക്ഷം ഓരോവർഷവും കെഎസ്എഫ്ഡിസി നഗരസഭയ്ക്ക് നൽകണം. വർഷങ്ങൾക്ക് മുന്പ് നാല് തിയറ്ററുകൾ പട്ടണത്തിൽ ഉണ്ടായിരുന്നു. എന്നാൽ തിയേറ്റർ മേഖല പ്രതിസന്ധിയിലായപ്പോൾ എല്ലാ തിയറ്ററുകളും പൂട്ടി.
വിനോദത്തിനും വിശ്രമത്തിനുമായി ഇപ്പോൾ ഒരു സിനിമാ തിയറ്റർ പോലുമില്ലാത്ത ഏകപട്ടണമാണ് കായംകുളം. സിനിമ കാണണമെങ്കിൽ പ്രദേശവാസികൾ ദൂരസ്ഥലങ്ങളിലുള്ള തിയറ്ററുകളിൽ പോകേണ്ട അവസ്ഥയായിരുന്നു. മൾട്ടിപ്ലക്സ് തിയറ്റർ യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.ബി.ഗണേഷ്കുമാറാണ് നഗരസഭ സ്ഥലം വിട്ട് നൽകിയാൽ കായംകുളത്ത് മൾട്ടി പ്ലക്സ ്തിയറ്റർ കോംപ്ലക്സ് അനുവദിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് തുടർന്ന് അന്നത്തെ സർക്കാർ നടപടി ആരംഭിച്ചെങ്കിലും നഗരസഭ സ്ഥലം വിട്ട് നൽകുന്നതിൽ കാലതാമസം വരുത്തിയതോടെ പദ്ധതി പാതിവഴിയിലായി.
പദ്ധതി നഷ്ടപ്പെടുമെന്ന അവസ്ഥയുമുണ്ടായി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ മൾട്ടിപ്ലക്സ് തിയറ്റർ യാഥാർഥ്യമാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലയളവിൽ അവർ ജനങ്ങൾക്ക് വാഗ്ദാനം നൽകി. ഇതേ തുടർന്നാണ് വീണ്ടും പദ്ധതിയെ കുറിച്ച് പുനർ ചിന്തനം ഉണ്ടാവുകയും എൽഡിഎഫ് സർക്കാർ നടപടികൾ വേഗത്തിലാക്കുകയും ചെയ്തത്.