അബുദാബി: തട്ടിപ്പുകാർക്കെതിരേ പ്രവാസികൾക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി. എംബസിയുടെ പേരിൽ ചില തട്ടിപ്പുകാർ ഫോണ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 02-4492700 എന്ന നന്പരിൽനിന്ന് ഇന്ത്യൻ എംബസിയുടേതെന്ന പേരിൽ ഫോണ് വിളിക്കുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്നും പണം കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ എംബസി ഫോണ് ചെയ്യാറില്ലെന്നും പണം ആവശ്യപ്പെടാറില്ലെന്നും എംബസി വ്യക്തമാക്കി.
ഇത്തരം ഫോണ് വിളികൾ പ്രോത്സാഹിപ്പിക്കരുതെന്നും വിളികൾ സംബന്ധിച്ച് എംബസിയെ അറിയിക്കണമെന്നും ട്വീറ്റിൽ പറയുന്നു. പരാതികൾ അറിയിക്കുന്നതിനുള്ള നിർദേശങ്ങളും എംബസി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.