തിരുവനന്തപുരം: സമരസമിതിയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച ശേഷവും ആലപ്പാട് സമരം തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഖനനം നിർത്തിവയ്ക്കണമെന്നും വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധന നടത്തിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഈ രണ്ടു ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഇതിന് ശേഷവും സമരം തുടരുന്നത് ദൗർഭാഗ്യകരമായ നടപടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഖനനം പൂർണമായും നിർത്തിവയ്ക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്ത് രണ്ടു പൊതുമേഖല സ്ഥാപനങ്ങളെ തകർക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. സർക്കാർ പുറത്തുനിന്നുള്ളവരാണെന്ന ധാരണ ശരിയല്ലെന്നും താനും എംഎൽഎയും സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കരിമണൽ ഖനനവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ചു പഠിക്കാൻ സെസിലെ ശാസ്ത്രജ്ഞൻ ടി.എൻ.പ്രകാശന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും റിപ്പോർട്ട് കിട്ടുന്നതുവരെ സീ വാഷിംഗ് നിർത്തിവയ്ക്കാമെന്നും സർക്കാർ സമരക്കാർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഖനനം പൂർണമായും നിർത്താതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.