തലകറക്കവും ചെവിയിലെ അസ്വസ്ഥതകളും കാരണം കഴിഞ്ഞ ദിവസം ചെൻ എന്ന അമേരിക്കക്കാരി നേരത്തെ കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോൾ ചെന്നിന് തന്റെ ഒപ്പം താമസിക്കുന്ന കാമുകൻ പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നില്ല. പുറത്തിറങ്ങിയപ്പോഴാണ് ഒരു കാര്യം ചെൻ മനസിലാക്കിയതി. കാമുകന്റെ മാത്രമല്ല ഒരു പുരുഷന്റെയും ശബ്ദം കേൾക്കാൻ ചെന്നിനു കഴിയുന്നില്ല.
കുറേ സമയത്തെ പരിശോധനകൾക്ക് ശേഷം ഡോക്ടർ രോഗം നിർണയിച്ചു. റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്നാണ് അസുഖത്തിന്റെ പേര്. പിച്ച് കുറഞ്ഞ ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത അവസ്ഥയാണിത്. പുരുഷൻമാരുടെ ശബ്ദത്തിന് പൊതുവെ പിച്ച് കുറവാണ്. ഇതാണ് അവരുടെ ശബ്ദം കേൾക്കാൻ കഴിയാതെ വരുന്നത്.
സ്വരാക്ഷരങ്ങൾക്ക് പിച്ച് കുറവായതിനാൽ സ്ത്രീകൾ ഉച്ചരിക്കുന്ന സ്വരാക്ഷരങ്ങളും ഈ അവസ്ഥയുള്ളവർക്ക് കേൾക്കാൻ കഴിയാതെ വരും. ജനിതകമായ തകർച്ച കൊണ്ടോ, ചെവിക്കുണ്ടാകുന്ന ഇൻഫെക്ഷൻ കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. കാനഡയിലും അമേരിക്കയിലുമായി 3,000 പേർക്ക് റിവേഴ്സ് സ്ലോപ് ഹിയറിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.