ടാർഗറ്റ് പൂർത്തിയാക്കാതിരുന്ന ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ച് തൊഴിലുടമയുടെ ക്രൂരത. ചൈനയിലെ ഒരു കമ്പനിയിലെ ജീവനക്കാർക്കാണ് ഈ ദുരനുഭവമുണ്ടായത്.
ഇവരെ ഏൽപ്പിച്ചിരുന്ന വാർഷിക ടാർഗറ്റ് പൂർത്തിയാക്കാതിരുന്നതിനാണ് ഇത്രെയും ക്രൂരമായ ശിക്ഷ നൽകിയത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിൽക്കൂടി ഇവർ മുട്ടിലിഴഞ്ഞ് പോകുന്നതിന്റെ ദയനീയമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്.
മുട്ടിലിഴഞ്ഞ് പോകുന്ന നിരവധി ജീവനക്കാരെ നയിച്ച് മുൻപിൽ രണ്ടു നടന്നു നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. അതിലൊരാളുടെ കൈയിൽ ഒരു കൊടിയുമുണ്ട്. തുടർന്ന് പോലീസ് ഇടപെട്ടാണ് ഇവരെ ശിക്ഷയിൽ നിന്നും മോചിപ്പിച്ചത്.
ഇവർ റോഡിൽ കൂടി ഇഴയുന്നത് കണ്ട് കാര്യമറിയാതെ യാത്രികരെല്ലാം സ്തംഭിച്ചു പോയിരുന്നു. ഈ സംഭവം ഏറെ ചർച്ചാവിഷയമായതിനെ തുടർന്ന് കമ്പനി താത്ക്കാലികമായി പൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ചൈനയിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ല നടക്കുന്നത്. ഇതിനു മുൻപ് ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരുടെ മുഖത്ത് ഒരാൾ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഏറെ വൈറലായി മാറിയിരുന്നു.