പുതുക്കാട്: കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ പ്രവേശിച്ച ബസ് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 7.30ന് ആയിരുന്നു അപകടം. കാർ യാത്രക്കാരായ കോട്ടയം കുറുപ്പൻ തറ സ്വദേശികളായ കൊല്ലംപറന്പിൽ സ്റ്റീഫൻ (52), ഇഞ്ചിക്കാല വിജയൻ (40) എന്നിവർക്ക് പരിക്കേറ്റു.
തൃശൂരിൽ നിന്നും കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു കാർ. ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന കെഎസ്ആർടിസി ബസ് അശ്രദ്ധയോടെ അമിത വേഗതയിൽ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം ഉണ്ടാക്കുന്ന ബസ് ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസ് ഡ്രൈവർമാർക്ക് നിരവധി തവണ പോലീസ് താക്കീത് നൽകിയിട്ടും അതൊന്നും മുഖവിലക്കെടുക്കാതെയാണ് ബസുകൾ സ്റ്റാൻഡിലേക്ക് എത്തുന്നത്.
ദീർഘദൂര സർവീസ് നടത്തുന്ന ബസുകളാണ് ഭൂരിഭാഗവും അപകടങ്ങൾ ഉണ്ടാക്കുന്നത്. അപകടസൂചന സിഗ്നലുകൾ സ്റ്റാൻഡിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ ബസ്സ് ഡ്രൈവർമാർ തയ്യാറാവുന്നില്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.