അമേരിക്കയിലെ പ്രശസ്തയായ ടെലിവിഷൻ താരമാണ് കെയ്ൽ ജെന്നർ. രണ്ടാഴ്ച മുന്പുവരെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്കുകൾ നേടിയ ചിത്രം കെയ്ൽ പോസ്റ്റ് ചെയ്ത തന്റെ മകളുടെ ചിത്രമായിരുന്നു. എന്നാൽ കെയ്ലിന് ഇപ്പോൾ ഈ റിക്കാർഡ് നഷ്ടമായിരിക്കുകയാണ്. അതും വെറുമൊരു കോഴിമുട്ട കാരണം.
വേൾഡ് റിക്കാർഡ് എന്ന അജ്ഞാത അക്കൗണ്ടിൽനിന്നാണ് ഈ കോഴി മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വരൂ നമുക്ക് ഒരുമിച്ച് ഒരു ലോക റിക്കാർഡ് ഉണ്ടാക്കാം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടാം എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
കൂട്ടത്തിൽ ലോകത്തിൽ ഏറ്റവും വൈറലായിട്ടുളള കുറച്ച് വെബ്സൈറ്റുകളെ ടാഗ് ചെയ്യുകയും ചെയ്തു. അതോടെ കൂടുതൽ ആളുകളിലേക്ക് ഈ പോസ്റ്റ് എത്തി. 10 ദിവസത്തിനുള്ളിൽ മുട്ട പോസ്റ്റ് 230 ലക്ഷം ലൈക്കുകൾ നേടി. അതോടെ 180 ലക്ഷം ലൈക്കുകൾ എന്ന കെയ്ൽ ജെന്നറുടെ റിക്കാർഡ് ചരിത്രമായി.
ഈ മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അക്കൗണ്ടിൽനിന്ന് ഇതിനുമുന്പ് പോസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. അക്കൗണ്ടിന്റെ ഉടമ താൻ ബ്രിട്ടണിലുള്ള ഒരു കോഴിയാണെന്നും ഹെന്റിറ്റ എന്നാണ് പേരുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുജീൻ എന്നാണ് ഈ റിക്കാർഡ് മുട്ടയ്ക്ക് പേരിട്ടിരിക്കുന്നത്.