മണ്ണാർക്കാട്: ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിന്റെ ആസ്ഥാനമായ നഗരത്തിൽ ഒരു ബസ് സ്റ്റാൻഡ് കൂടി നിർമിക്കണമെന്ന ആവശ്യം ശക്തം. നെല്ലിപ്പുഴ കെടിഎം സ്കൂൾ പരിസരം, കോടതിപ്പടി എന്നീ ഭാഗങ്ങളിൽ എവിടെയെങ്കിലും കേന്ദ്രമാക്കി ഒരു ബസ് സ്റ്റാൻഡ് കൂടി അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
നിലവിൽ മണ്ണാർക്കാട് നഗരസഭയ്ക്കു കീഴിൽ ഒരു സ്വകാര്യ ബസ് സ്റ്റാൻഡാണുള്ളത്. ദിനംപ്രതി ഇരുന്നൂറിലധികം സ്വകാര്യബസുകളും നൂറോളം കെഎസ്ആർടിസി ബസുകളും ഈ ബസ് സ്റ്റാൻഡിലാണ് കയറിയിറങ്ങുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിൽ ബസുകൾ നിറഞ്ഞ് യാത്രക്കാരുടെ തിക്കും തിരക്കുമൂലം കാൽകുത്താൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
കെഎസ്ആർടിസി ഉൾപ്പെടെ മുന്നൂറോളം ബസുകൾ ഇവിടെ കയറിയിറങ്ങുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഓരോവർഷവും നഗരസഭ ലക്ഷങ്ങളുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലിക്കുന്നില്ല. നെല്ലിപ്പുഴ കേന്ദ്രീകരിച്ച് ഒരു ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
നെല്ലിപ്പുഴ കേന്ദ്രീകരിച്ച് ബസ് സ്റ്റാൻഡ് നിർമിച്ചാൽ സ്വകാര്യബസുകളുടെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകും. കൂടാതെ അലനല്ലൂർ, മേലാറ്റൂർ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കും സുഗമമായി പാർക്ക് ചെയ്യാനാകും. നിലവിൽ നെല്ലിപ്പുഴയിലെ സ്വകാര്യവ്യക്തികളുടെ പറന്പുകളിലും റോഡരികിലുമാണ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നത്.
നഗരസഭാ ബസ് സ്റ്റാൻഡിലേക്കുള്ള ഗതാഗതം നിരോധിച്ചപ്പോൾ ഇവിടത്തെ കുടു ബിൽഡിംഗ് കോന്പൗണ്ടാണ് ആഴ്ചകളോളം ബസ് സ്റ്റാൻഡായി ഉപയോഗിച്ചത്.