വണ്ടിത്താവളം: ചെറിയ ഇടവേളയ്ക്കുശേഷം പെരുമാട്ടിയിൽ വീണ്ടും മോഷ്ടാക്കൾ സജീവമായി. പാറക്കളം, മൂപ്പൻകുളം എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞദിവസം വ്യാപാര സ്ഥാപനങ്ങളിൽ തസ്കരസംഘം വിലസിയത്.മൂപ്പൻകുളത്ത് പലചരക്കുകടയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപ പൂട്ടുപൊളിച്ചു കവർന്നു. പാറക്കളത്തെ കള്ളുഷാപ്പിൽ മോഷ്ടാക്കൾ കടന്ന് ഫർണീച്ചറുകളും മറ്റും തകർത്തു. മേശയുടെ വലിപ്പ് തുറന്നെങ്കിലും നാണയങ്ങൾ മാത്രമാണുണ്ടായിരുന്നത്.
പാറക്കളത്തെ മാരിയമ്മൻ ക്ഷേത്രത്തിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലും കവർച്ചാശ്രമമുണ്ടായി. ഒരുമാസം മുന്പ് പാട്ടിക്കുളം, കിഴക്കേക്കാട്, കന്നിമാരി ഭാഗത്ത് വ്യാപക മോഷണവും കവർച്ചാശ്രമങ്ങളും നടന്നിരുന്നു.വിളക്കനാംകോട് ചെമ്മട്ടിയ ഭഗവതിക്ഷേത്ര ഭണ്ഡാരവും ശ്രീകോവിലിന്റെയും പൂട്ടുതകർത്ത് ഏഴായിരം രൂപയും കവർന്നിരുന്നു.
തുടർന്ന് മീനാക്ഷിപുരം എസ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവാക്കളെ സംഘടിപ്പിച്ച് രാത്രികാലത്ത് പട്രോളിംഗ് ഏർപ്പെടുത്തിയതോടെ തസ്കരസംഘം പട്ടഞ്ചേരി, വിളക്കനാംകോട്, തുരിശുമൊക്ക് ഭാഗത്തേക്ക് മാറി.പുതുനഗരം എസ്ഐപട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.