കൂത്തുപറമ്പ്:വിലക്കയറ്റത്തിൽ നിന്നും സാധാരണക്കാരന് ആശ്വാസമാകേണ്ട സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിത്യോപയോഗ സാധനങ്ങളിൽ പലതും ലഭ്യമാകുന്നില്ലെന്ന് പരാതി. കണ്ണൂർ ജില്ലയിലെ പല ഔട്ട്ലറ്റുകളിലും ചെറുപയർ, കടല തുടങ്ങിയ ധാന്യങ്ങൾ ലഭിക്കാതായിട്ട് മാസങ്ങളായി.ജില്ലയിൽ കണ്ണൂർ, തലശേരി, തളിപ്പറമ്പ് താലൂക്കുകളിലായി മൂന്ന് സപ്ലൈകോ ഡിപ്പോകളാണുള്ളത്.
കണ്ണൂരിൽ ഒരു പീപ്പിൾസ് ബസാർ, തലശേരിയിൽ ഒരു ഹൈപ്പർ മാർക്കറ്റ്, 36 സൂപ്പർ മാർക്കറ്റുകൾ,83 മാവേലി സ്റ്റോറുകൾ എന്നിവയാണ് ജില്ലയിൽ സപ്ലൈകോയുടെ കീഴിൽ പ്രവർത്തിക്കുന്നത്.ഇവയിൽ ഭൂരിഭാഗം ഔട്ട്ലറ്റുകളിലും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവുണ്ട്.പല ഔട്ട്ലറ്റുകളിലും സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കടല, ചെറുപയർ മുളക് എന്നിവ എത്തിയിട്ട് രണ്ട് മാസത്തിലധികമായി.
തലശേരി, തളിപ്പറമ്പ് എന്നീ ഡിപ്പോകളെ അപേക്ഷിച്ച് കണ്ണൂർ ഡിപ്പോയ്ക്ക് കീഴിലെ ഔട്ട്ലറ്റുകളിൽ സാധനങ്ങളുടെ ലഭ്യതക്കുറവ് ഏറെക്കുറെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. കൂടുതൽ സ്റ്റോക്കുള്ള ഡിപ്പോകളിൽ നിന്നും സാധനങ്ങൾ എത്തിച്ചാണ് പ്രതിസന്ധി ചെറിയ തോതിൽ പരിഹരിച്ചത്.
ഹെഡ് ഓഫീസിൽ നിന്നും ഡിപ്പോകൾക്ക് പർച്ചേസിംഗ് ഓർഡർ ലഭിക്കാത്തതാണ് പല ഔട്ട്ലറ്റുകളിലും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവിന് കാരണമെന്നാണ് അറിയുന്നത്. സബ്സിഡിയിൽ ഒരു കിലോ ചെറുപയർ 59 രൂപയ്ക്കും കടല 39 രൂപയ്ക്കുമാണ് സപ്ലൈക്കോയിൽ നിന്നും ലഭിച്ചു വന്നത്.പല ഉല്പന്നങ്ങൾക്കും വിലക്കുറവും ഉണ്ട്. അവശ്യസാധന ദൗർലഭ്യം കാരണം വലിയ വില നല്കി പൊതു വിപണിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സാധാരണ ജനങ്ങൾ.