കുമരകം: നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നോർത്ത് ഇനി വിനോദ് വിഷമിക്കില്ല, കാരണം താങ്ങിപ്പിടിക്കാൻ ഒരു കരം ഇനി എപ്പോഴും തൊട്ടടുത്തുണ്ട്. പോളിയോ രോഗം കവർന്നെടുത്തുകൊണ്ടുപോയ തന്റെ സൗഭാഗ്യങ്ങളൊക്കെ ഇനി ദേവികയിലൂടെ തിരികെ പിടിക്കാമെന്ന സന്തോഷത്തിലാണ് ഈ യുവാവ്. പോളിയോ രോഗത്താൽ ശരീരം തളർന്ന വിനോദിന് ദേവിക ജീവിത സഖിയായപ്പോൾ ആശംസയുമായി ഏറെപ്പേരെത്തി.
ഇന്നലെ രാവിലെ 11ന് കുമരകം പുതിയകാവ് ക്ഷേത്രത്തിലായിരുന്നു കുമരകം കുമർത്തുംതറ വിനോദ് (40) സഹോദരി ബിന്ദുവിന്റെ കൈത്താങ്ങോടെ മലപ്പുറം ചേറാട്ടുകുഴി പടിഞ്ഞാറേപ്പാട്ട് ദേവിക (36)യുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. കുമരകം ആറ്റാമംഗലം പള്ളിക്കു സമീപം കുമർത്തുംതറ പരേതനായ വാസപ്പന്റെയും മണിയമ്മയുടെയും നാലു മക്കളിൽ ഇളയവനാണ് വിനോദ്.
കോട്ടയം സിഎംഎസ് കോളജിൽനിന്നു ഡിഗ്രി കഴിഞ്ഞ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കൃഷിഭവനിൽ ജോലിയിൽ പ്രവേശിക്കുന്നതു വരെ വിനോദിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നു തന്നെ ഇല്ലായിരുന്നു. 2000ൽ ആണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് കാലുകൾക്കു തളർച്ച ബാധിച്ചു. 1997ൽ ജോലിയിൽ പ്രവേശിച്ച വിനോദ് ഇപ്പോൾ കുമരകം അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഓഫീസറാണ്. ദിവസവും അയൽവാസികളായ യുവാക്കളാണ് വിനോദിനെ എടുത്ത് ഓട്ടോയിൽ കയറ്റുന്നത്. കൃഷിഭവനിൽ പ്രത്യേകം ഇരിപ്പിടം വിനോദിനു വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസിലെ സീറ്റിൽ ഇരിക്കാനും ചിലർ സഹായിക്കും.
പോളിയോ ബാധിച്ചു കിടപ്പിലായിരുന്ന സഹോദരൻ കണ്ണൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളു. മൂത്ത സഹോദരൻ ബൈജു വിവാഹം കഴിഞ്ഞു മാറി താമസിക്കുകയാണ്, സഹോദരി ബിന്ദുവിനെ വിവാഹം ചെയ്തയച്ചു. പ്രായമായ അമ്മ മണിയമ്മ മാത്രമായിരുന്നു വിനോദിന്റെ സഹായത്തിനുണ്ടായിരുന്നത്. മാതാപിതക്കളുടെ വേർപാടിനെത്തുടർന്ന് തനിച്ചായിരുന്ന ദേവിക മ്യൂസിക് ഡബിൾ എംഎം ബിരുദദാരിയാണ്. മലപ്പുറത്തു സ്വകാര്യ സ്കൂളിൽ സംഗീത അധ്യാപകയായിരുന്നു ദേവിക.