ഒറ്റപ്പാലം: മരണംവിതച്ച് ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നതു തടയാൻ പോലീസ് കർശനനടപടികൾ തുടങ്ങി. പ്രധാനപാതകളിൽ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ മനുഷ്യജീവനുകൾ അപഹരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പോലീസ് ഇത്തരക്കാരെ കടിഞ്ഞാണിടാൻ കർശനനടപടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം കയറംപാറയിൽ മധ്യവയസ്കൻ ഇരുചക്രവാഹനം ഇടിച്ച് മരിച്ചതോടെയാണ് പോലീസ് കർശന നിയമ നടപടിയുമായി ഇറങ്ങിയത്. കയറംപാറയിൽ ക്ഷേത്രദർശനം കഴിഞ്ഞു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ചീറിപ്പാഞ്ഞുവന്ന ഇരുചക്രവാഹനം ഇയാളെ ഇടിച്ചിട്ടത്. പാലപ്പുറം എറക്കോട്ടിരി കറുത്തേടത്ത് രാമചന്ദ്രനാണ് (53) മരിച്ചത്. ചീറിപ്പാഞ്ഞുവന്ന ബൈക്ക് ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ മരണമടഞ്ഞു.
ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുവർഷത്തിനിടെ 12 അപകടങ്ങളിലായി 14 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. പ്രധാന നിരത്തുകളിൽ ശക്തമായ പട്രോളിംഗ് നടത്താനാണ് പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശിപാർശ ചെയ്യാനാണ് പോലീസ് തീരുമാനം. പതിനായിരം രൂപ പിഴയും ഈടാക്കും.
അമിതവേഗത്തിന് പിടിക്കപ്പെട്ടാൽ 1000 രൂപ പിഴ നല്കേണ്ടിവരും. പോലീസ് വാഹനം തടയുന്പോൾ നിർത്താതെ പോയാൽ ഉടമയ്ക്കെതിരെ കേസെടുക്കും. ഇവരിൽനിന്ന് 1000 രൂപ പിഴ ഈടാക്കുന്നതിനൊപ്പം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള ശിക്ഷാനടപടികളും സ്വീകരിക്കും.
ഹെൽമെറ്റ് ധരിക്കാതെയും രേഖകൾ കൈവശം വയ്ക്കുകയും വാഹനം ഓടിച്ചാലും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. സ്ഥിരം അപകട മേഖലകളിൽ ഹൈവേ പട്രോളിന്റെയും ട്രാഫിക് പോലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തും. റോഡുകളിൽ സീബ്രാലൈൻ ഒരുക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാനടപടികളും അനുവർത്തിക്കും.
റോഡുകളിൽ അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾ കർശനമായി തടയുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥ·ാരെ ചുമതലപ്പെടുത്തി ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെയും ഒന്നിലധികം ആളുകളെ പിറകിൽ സഞ്ചരിക്കുന്നവരെയും പിടികൂടും. ഹെൽമെറ്റ് വേട്ട കർശനമാക്കാനാണ് പോലീസ് തീരുമാനം. ഇതോടൊപ്പം പ്രായപൂർത്തിയാകാത്തവർ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് വ്യാപകമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപ്പെടുന്നതും അത്യാഹിതങ്ങൾ വരുത്തിവയ്ക്കുന്നതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം മോട്ടോർ വാഹനവകുപ്പ് അധികൃതരും കർശനനടപടി വരുംദിവസങ്ങളിൽ അനുവർത്തിക്കും. റോഡുകളിൽ കർശന വാഹനപരിശോധന നടത്താനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. നഗരങ്ങളിൽപോലും ഇരുചക്രവാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നതെന്ന് ബന്ധപ്പെട്ടവർ മനസിലാക്കിയിട്ടുണ്ട്.
ഇത്തരം വാഹനങ്ങൾ വലിയ അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത് റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് പോലീസ് പറയുന്നു. വരുംദിവസങ്ങളിൽ കർശന റോഡ് പരിശോധനകളാണ് പോലീസും റോഡ് ട്രാൻസ്പോർട്ട് അധികൃതരും നടത്താൻ പോകുന്നത്.