അഹമ്മദാബാദ്: ടെലികോം മേഖലയിൽ വിദേശ കമ്പനികളുടെ അപ്രമാദിത്തം ഏതാണ്ട് തകർത്തു തരിപ്പണമാക്കിയ മുകേഷ് അംബാനി തന്റെ അടുത്ത തട്ടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ഇ-കൊമേഴ്സ് സ്ഥാപനം തുടങ്ങുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ പ്രഖ്യാപനം. വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ റീട്ടെയ്ൽ ഭീമന്മാരെ തകർക്കുകയാണ് ഇതിലൂടെ ഇന്ത്യയിലെ അതിസന്പന്നന്റെ ലക്ഷ്യം.
ഗുജറാത്തിലെ 12 ലക്ഷം വരുന്ന ചെറുകിട റീട്ടെയ്ലർമാരെ ഉൾപ്പെടുത്തി ലോകത്തിലെതന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനം രൂപപ്പെടുത്താനാണ് റിലയൻസ് ഇൻസ്ട്രീസിന്റെ പദ്ധതി. നെറ്റ്വർക്ക് സഹായത്തിനായി റിലയൻസ് ജിയോയുമുണ്ടാകും.
ഗുജറാത്തിൽ നടന്നുവരുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ ഇന്നലെയായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം.
ഇപ്പോൾ ടെലികോം മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന റിലയൻസ് ജിയോ ഇൻഫോകോമിന് 28 കോടി വരിക്കാരുണ്ട്. അംബാനിയുടെ റീട്ടെയ്ൽ വിഭാഗത്തിനാവട്ടെ 6,500 നഗരങ്ങളിലായി പതിനായിരത്തിൽപ്പരം ഒൗട്ട്ലെറ്റുകളുമുണ്ട്. ഇവ രണ്ടുംകൂടി കൈകോർത്താൽ ഇ-കൊമേഴ്സ് മേഖലയിൽ ശോഭിക്കാനാകുമെന്ന് റിലയൻസ് റീട്ടെയ്ൽ ഉന്നത ഉദ്യോഗസ്ഥനായ വി. സുബ്രഹ്മണ്യൻ വ്യാഴാഴ്ച പറഞ്ഞിരുന്നു.
നിലവിലെ ഇ-കൊമേഴ്സ് നിയന്ത്രണം റിയലൻസിനുവേണ്ടി?
ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികളുടെ ഉത്പന്നങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വിൽക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഈ നിയന്ത്രണം ആമസോണിനും ഇപ്പോൾ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിനും കനത്ത വെല്ലുവിളിയാകും. അംബാനിയുടെ പുതിയ പ്രഖ്യാപനത്തോടെ റിലയൻസിനുവേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ നയം സ്വീകരിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.