ഏറ്റുമാനൂർ: നഗരസഭയുടെ സ്വപ്ന പദ്ധതിയായ കോംപ്ലക്സിന്റെയും തിയറ്റർ സമുച്ചയത്തിന്റെയും നിർമാണം ഉടൻ ആരംഭിക്കും. കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയെ ഏൽപ്പിക്കാൻ നഗരസഭാ കൗണ്‍സിൽ നീക്കം ആരംഭിച്ചു. രണ്ട് അക്രഡിറ്റഡ് ഏജൻസികളാണു കെട്ടിടം നിർമിക്കാനായി സമ്മതപത്രം നൽകിയിരിക്കുന്നത്.
കേരള സംസ്ഥാന കണ്‍സ്ട്രക്ഷൻ കോർപ്പറേഷൻ നാലര ശതമാനവും കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയായ വാപ്കോസ് മൂന്ന് ശതമാനവും സൂപ്പർവൈസറി ചാർജ് ഉയർത്തിക്കാട്ടിയാണു കത്ത് നൽകിയിരിക്കുന്നത്. നിരക്ക് കുറച്ചു കാണിച്ച വാപ്കോസിന് നിർമാണ ചുമതല നൽകാമെന്നു കഴിഞ്ഞദിവസം കൂടിയ കൗണ്‍സിൽ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
കെയുആർഡിഎഫ്സിയിൽ നിന്നുമാണു കെട്ടിടം നിർമിക്കാനുള്ള പതിനഞ്ച് കോടി രൂപ വായ്പ എടുത്തിരിക്കുന്നത്. ഒരു മാസത്തിനകം തറക്കല്ലിടാനാണ് നഗരസഭയുടെ തീരുമാനം. നഗരഹൃദയത്തിൽ തന്നെ പണിയുന്ന കെട്ടിടത്തിൽ രണ്ട് തീയറ്ററുകളാണ് ഉണ്ടാകുന്നത്. സെൻട്രൽ ജംഗ്ഷനിൽ എംസി റോഡ് സൈഡിനും ചിറക്കുളത്തിനും നടുവിലായി സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണു കെട്ടിടം നിർമിക്കുന്നത്.
മൂന്ന് നിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണു മൾട്ടിപ്ലക്സ് തിയറ്റർ പണിയുന്നത്. ആദ്യ രണ്ട് നിലകളിൽ ഷോപ്പിംഗ് കോംപ്ലക്സും ഹോട്ടലുകളും പ്രവർത്തിക്കും. തിയറ്റർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ലൈസൻസ് ചലച്ചിത്ര വികസന കോർപ്പറേഷൻ എടുക്കണമെന്നാണ് ധാരണ.
നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും കടകളും പൊളിച്ചു മാറ്റാനും കെട്ടിടം പൂർത്തിയായതിനുശേഷം അതേ അളവിൽ തന്നെ കെട്ടിടത്തിനുള്ളിൽ സ്ഥലം നൽകാനുമാണു തീരുമാനം. 27 കടകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.