ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഓരോ റഫാൽ വിമാനത്തിന്റെയും വിലയിൽ ഇന്ത്യക്കു വേണ്ടിയുള്ള സാങ്കേതിക മാറ്റങ്ങൾക്കായി മാത്രം യുപിഎ കാലത്ത് നിശ്ചയിച്ച 111.1 കോടി യൂറോയിൽ നിന്ന് എൻഡിഎ സർക്കാരിന്റെ കരാറിൽ 361.1 കോടി യൂറോ ആയി കൂടിയത് വൻ അഴിമതിയാണെന്നു പേരു വെളിപ്പെടുത്താൻ വിസമ്മതിച്ച പ്രതിരോധ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോടു വിശദീകരിച്ചു.
സർക്കാരുകൾ തുടർച്ചയായിരിക്കെ മുൻ യുപിഎ സർക്കാരിന്റെ നടപടി ഉപേക്ഷിച്ച് വില കുത്തനെ കൂട്ടിക്കൊണ്ട് എൻഡിഎ സർക്കാർ കരാറിൽ മാറ്റം വരുത്തിയതു ദുരൂഹവും വിശദീകരിക്കാൻ പ്രയാസവുമാകും. റഫാൽ വിമാന ഇടപാടിലെ അഴിമതിയേക്കാൾ ഗുരുതരം പോർവിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചതും സാങ്കേതികവിദ്യ കൈമാറ്റം ഉപേക്ഷിച്ചതുമാണെന്നും പ്രതിരോധ മന്ത്രാലയത്തിലെ മുൻ വിദഗ്ധൻ രാഷ്ട്രദീപികയോടു പറഞ്ഞു.
ഏറ്റവും ചുരുങ്ങിയത് 126 പോർവിമാനങ്ങൾ വാങ്ങണമെന്ന് 2007ൽ രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ഉന്നതൻ ചൂണ്ടിക്കാട്ടി.റഫാൽ കരാർ സംബന്ധിച്ച് മോദി സർക്കാരിനു വേണ്ടി ഫ്രാൻസിലെ ദസോ കന്പനിയുമായി ചർച്ച നടത്താൻ നിയോഗിച്ച ഏഴംഗ സംഘത്തിലെ മൂന്നു പേർ വില കൂട്ടിയതിനെ എതിർത്തതായി ഒൗദ്യോഗിക രേഖകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ഇന്നു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വിലയിലെ വർധന വളരെ കൂടുതലാണെന്ന് ഇവർ നീക്കുപോക്കു ചർച്ചകൾ നടക്കുന്പോൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും അതെല്ലാം മറികടന്നാണ് കരാറിന് അനുമതി നൽകിയത്.
പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും വ്യോമ അക്വിസിഷൻ മാനേജരുമായ രാജീവ് വർമ, വ്യോമസേനയുടെ ചുമതലയുള്ള ഫിനാൻഷ്യൽ മാനേജർ അജിത് സൂലെ, ചെലവുകൾക്കായുള്ള അഡ്വൈസർ എം.പി. സിംഗ് എന്നിവരാണ് വില വളരെ കൂടുതലാണെന്ന് രേഖപ്പെടുത്തിയത്. എന്നാൽ സമിതിയിലെ 4-3 ഭൂരിപക്ഷ തീരുമാന പ്രകാരം കൂടിയ വില നൽകാൻ തീരുമാനിക്കുകയായിരന്നു. പ്രധാനമന്ത്രിയുടെ താത്പര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ആരോപണം.
പന്ത്രണ്ടു വർഷം മുന്പ് 126 പോർവിമാനങ്ങൾ ആവശ്യമായിരിക്കെ എണ്ണം 36 ആക്കി കുറച്ച എൻഡിഎ സർക്കാരിന്റെ നടപടി രാജ്യസുരക്ഷ അപകടത്തിലാക്കിയെന്നാണു ആരോപണം. മൊത്തം 126 വിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അതു റദ്ദാക്കുക പോലും ചെയ്യാതെ പ്രധാനമന്ത്രി ഫ്രാൻസിൽ പോയി പ്രഖ്യാപനം നടത്തിയത്.
ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കേ വ്യോമസേനയുടെ കരുത്ത് ഗണ്യമായി ക്ഷീണിപ്പിക്കുന്ന നടപടിയാണ് വിശ്വസിക്കാനാകാത്തതെന്ന് പ്രതിരോധ വിദഗ്ധർ കുറ്റപ്പെടുത്തി. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലുമായി ചേർന്ന് ദസോ കൈമാറുന്ന സാങ്കേതിക വിദ്യയുടെ സഹായത്തിൽ 108 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള അവസരം വേണ്ടെന്നു വച്ചതും വില കൂട്ടി നൽകിയതും അംഗീകരിക്കാവുന്നതല്ലെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യോമസേന 2007ൽ ആവശ്യപ്പെട്ട 126 റഫാൽ വിമാനങ്ങൾക്കു പകരം 36 എണ്ണം മാത്രം വാങ്ങാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് വിമാന വില 41 ശതമാനം കൂട്ടിയതെന്ന വെളിപ്പെടുത്തൽ വൻവിവാദമായിരുന്നു. എന്നാൽ യുപിഎ കാലത്തേതിനേക്കാൾ ഓരോ വിമാനങ്ങളുടെയും വിലയിൽ 14.2 ശതമാനം വർധനയാണ് ഉണ്ടായതെന്നാണ് ഇപ്പോഴത്തെ വിശദീകരണം.