മൈലപ്ര: ജില്ലയിൽ പ്രളയത്തിൽ പൂർണമായി നഷ്ടപ്പെട്ട 648 വീടുകൾക്കും പകരമായി പുതിയ വീടുകൾ നിർമിക്കുന്നതിന് നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി ഇ. ചന്ദ്രശേഖരൻ. മൈലപ്രയിൽ നിർമാണം പൂർത്തീകരിച്ച പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
400 വീടുകളുടെ പണി ആരംഭിച്ചുകഴിഞ്ഞു. ഭൂമി ഒലിച്ചുപോയി വീട് നഷ്ടപ്പെട്ടവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തി പുനരധിവാസം സാധ്യമാക്കുമെന്നും മന്ത്രി ചന്ദ്രശേഖരൻ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള പോരായ്മമൂലം നിശ്ചിത തുക ലഭിക്കുന്നതിന് കാലതാമസം ഉണ്ടായാൽ വീണ്ടും പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി കൈവശമുള്ള അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. അവകാശപ്പെട്ടവർക്ക് ഉടമസ്ഥാവകാശം നിഷേധിക്കുന്ന ഒരു നടപടിസ്മാർട്ട് വില്ലേജ് ഓഫീസ് എന്ന ആശയം നടപ്പാക്കാൻ ബജറ്റിൽ തുക വകയിരുത്തിയത് അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അടൂർ പ്രകാശ് എംഎൽഎ പറഞ്ഞു. ജില്ലയിൽ വീടുകൾ നഷ്ടപ്പെട്ടവർക്കെല്ലാം ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടർ പി.ബി.നൂഹ്, അടൂർ ആർഡിഒ എം.എ.റഹിം, കോന്നി തഹസീൽദാർ ജെ.ചന്ദ്രശേഖരക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു തോമസ്,രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി.ജയൻ, വിക്ടർ ടി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.