മങ്കൊന്പ്: അറുപതുവർഷം തികയുന്ന ആലപ്പുഴ ജില്ലയുടെ പ്രാദേശിക ചരിത്രം കുട്ടികൾ രചിക്കുന്നു. ഇതിന്റെ ഭാഗമായി മങ്കൊന്പ് ഉപജില്ലാതല ശില്പശാല നടന്നു. മങ്കൊന്പ് ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയുടെ വിവിധ തലങ്ങളിലുള്ള ചരിത്രവും ഐതിഹ്യങ്ങളും പാരന്പര്യങ്ങളും വിളിച്ചോതുന്ന തരത്തിലുള്ള പ്രാദേശിക ചരിത്ര രചനയാണ് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കാണ് രചനാ മത്സരങ്ങൾ നടത്തുന്നത്. നാട്ടുവഴികൾ എന്ന പേരിലാണ് രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഉപജില്ലാതലത്തിൽ വിവിധ സ്കൂളുകളിലെ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും ചരിത്ര രചനയിൽ താൽപര്യമുള്ള രണ്ട് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. വിജയികൾക്കായി സൗജന്യ ഡൽഹി സന്ദർശനം അടക്കമുള്ള വിവിധ തരത്തിലുള്ള സമ്മാനങ്ങളാണ് ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ട രചനകൾ 31 നു മുന്പ് ജില്ലാ കേന്ദ്രങ്ങളിൽ മത്സരാർഥികൾ സമർപ്പിക്കണം. മങ്കൊന്പ് എഇഒ പി. സുരേഷ് ബാബു ശില്പശാലയിൽ ്അധ്യക്ഷത വഹിച്ചു. സിബ് ജില്ലാ സാമൂഹ്യ ശാസ്ത്ര സെക്രട്ടറി മൈക്കിൾ സെബാസ്റ്റ്യൻ, വാർഡംഗം രജനി അജിത് കുമാർ, മങ്കൊന്പ് സബ് ജില്ല എച്ച്.എം ഫോറം സെക്രട്ടറി രാജു സേവ്യർ, മങ്കൊന്പ് ബിപിഒ ബിനു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 50 വിദ്യാർഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.