പത്തനംതിട്ട: 107-ാംമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി. സർക്കാർ വകുപ്പുകളുടെ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി മൂന്നു മുതൽ 10 വരെയാണ് ഹിന്ദുമത പരിഷത്ത്.
കടവുകളിലും റോഡുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും റോഡ് അറ്റകുറ്റപ്പണികൾക്കും അനുബന്ധപ്രവർത്തികൾക്കുമായി ജലസേചന വകുപ്പ് 9.8 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ചെറുകോൽപ്പുഴ കടവു മുതൽ സാംസ്കാരിക കേന്ദ്ര മന്ദിരം പടി വരെയുള്ള ഭാഗത്ത് ത്രീ ഫേസ് ലൈൻ വലിക്കുന്നതിന് രാജു എബ്രഹാം എംഎൽഎയുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
അഗ്നിശമന സേനയുടെ സ്കൂബാ ടീമിന്റെ സേവനം ഉറപ്പാക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ നിർദേശിച്ചു. പരിഷത്ത് നഗറിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എംഎൽഎ പറഞ്ഞു. പരിഷത്ത് നഗറിലെ താത്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും നദിയിലെ ജലനിരപ്പ് ക്രമീകരിക്കുമെന്നും ജലസേചന വിഭാഗം യോഗത്തിൽ അറിയിച്ചു.
സമ്മേളന സ്ഥലവും പരിസര പ്രദേശങ്ങളും യാചകനിരോധന മേഖലയായി ഗ്രാമപഞ്ചായത്തുകൾ പ്രഖ്യാപിക്കും. പത്തനംതിട്ട, ചെങ്ങന്നൂർ, തിരുവല്ല, അടൂർ, മല്ലപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിന്നും ചെറുകോൽപ്പുഴയിലേക്ക് ആവശ്യാനുസരണം കഐസ്ആർടിസി സർവീസുകൾ നടത്തും.
ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബാ ടീം അടങ്ങുന്ന യൂണിറ്റിനെ പരിഷത്ത് നഗറിൽ വിന്യസിക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയലിനെ കോ-ഓർഡിനേറ്ററായും റാന്നി തഹസീൽദാർ രാധാകൃഷ്ണൻ നായരെ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായും ചുമതലപ്പെടുത്തി.