ആലുവ: മുനന്പത്തുനിന്നുള്ള മനുഷ്യക്കടത്തിന്റെ അന്വേഷണം സ്ഥിരീകരിച്ച് കേരള പോലീസ്. മനുഷ്യക്കടത്തിൽ കോടികളുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി കഴിഞ്ഞു. ഡൽഹിയിൽ പിടിയിലായ പ്രതിയിൽ നിന്നും ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഒരാളിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. പോകാൻ തയാറായ ആളുകളിൽ നിന്നായി ആറുകോടിയോളം രൂപ പിരിച്ചെടുത്തതായിട്ടാണ് വിവരം. 200നും 300 നും ഇടയിൽ ആളുകൾ കുറഞ്ഞതു പോയിട്ടുണ്ടെന്നാണ് അറിയുന്നത്.
ന്യൂഡൽഹിയിലെ അംബേദ്കർ കോളനിയിൽ കേരള പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായ മുനന്പത്തുനിന്നും യാത്ര പോകാൻ കഴിയാതെ മടങ്ങിയെത്തിയ ശ്രീലങ്കൻ അഭയാർഥി ദീപക്കുമായി അന്വേഷണസംഘത്തിലെ ഒരു വിഭാഗം കൊച്ചിയിൽ തിരിച്ചെത്തി. ഇന്നു രാവിലെ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വടക്കേക്കര സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാക്കും. ആലുവ വെസ്റ്റ് എസ്ഐ സാബുവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കൂടുതൽ തെളിവുകൾക്കായി ഡൽഹിയിൽ തങ്ങിയിരിക്കുകയാണ്.
മുനന്പത്തുനിന്നും ഓസ്ട്രേലിയയിലേക്കുള്ള യാത്ര മുടങ്ങി ഡൽഹിയിൽ തിരിച്ചെത്തിയവരിൽ 19 ഓളം പേരുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. എന്നാൽ പിടിയിലായ ആളൊഴികെ മറ്റുള്ളവരാരും കോളനിയിലെ വീടുകളിൽ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. ഇവർക്കായി സൗത്ത് ഡൽഹി പോലീസിന്റെ സഹായത്തോടെ കൂടുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദേവമാതാ ബോട്ടിലാണ് സംഘം കടന്നു കളഞ്ഞതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. മുനന്പം സ്വദേശിയിൽ നിന്ന് ദേവമാതാ എന്ന ബോട്ട് കുളച്ചൽ സ്വദേശി 1.20 കോടി രൂപയ്ക്ക് വാങ്ങിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അനിൽകുമാറിന്റെ പേരിലാണ് ബോട്ട് വാങ്ങിയിരിക്കുന്നത്. എന്നാൽ താൻ കബളിപ്പിക്കപ്പെട്ടതാണെന്നാണ് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
ഈ ബോട്ടാണ് ഓസ്ട്രേലിയയിലേക്ക് പോയതെന്നാണ് വിവരം.അതേസമയം മനുഷ്യക്കടത്ത് കേസിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. പോയവരെക്കുറിച്ചും കൊണ്ടുപോയവരെക്കുറിച്ചും സൂചന കിട്ടിയെന്ന് കൊച്ചി റേഞ്ച് ഐജി വിയജ് സാക്കറെ പറഞ്ഞു. ആളുകൾ ഇന്ത്യൻ തീരം വിട്ടിരിക്കാമെന്നാണ് നിഗമനം. അന്തർദേശീയ ഏജൻസിയും അന്വേഷണം നടത്തുന്നുണ്ടെന്നും ഐജി വിജയ് സാക്കറെ അറിയിച്ചു.
മുനന്പത്തെയും ചോറ്റാനിക്കരയിലെയും ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ നിന്നും ലഭിച്ച വിവരങ്ങൾ മനുഷ്യക്കടത്ത് നടന്നുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ചോറ്റാനിക്കരയിൽ താമസിച്ചിരുന്നവർ ക്ഷേത്രദർശനം നടത്തിയിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ അവരുടെ ലക്ഷ്യമെന്തായിരുന്നുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.