കോട്ടയം അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്, ക്രൂരമായി മാനഭംഗപ്പെടുത്തിയതിനുശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍മായക കണ്ടെത്തല്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായ അജീഷിനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. പെണ്‍കുട്ടിയുടെ ദേഹത്തുനിന്ന് ബീജാംശവും കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പെണ്‍കുട്ടിയെ അജേഷിലേക്ക് അടുപ്പിച്ച മൊബൈല്‍ ഫോണ്‍ തന്നെയാണ് അരുംകൊലയുടെ തെളിവ് പുറത്തു വിട്ടതെന്നതും ശ്രദ്ധേയമായി. പെണ്‍കുട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടര്‍ന്നു വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ബന്ധുക്കളും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്നു ഈ ഫോണിലേക്ക് അജേഷ് തിരികെ വിളിച്ചപ്പോള്‍ സഹോദരീ ഭര്‍ത്താവാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി.
പെണ്‍കുട്ടി ഇടയ്ക്ക് പുറത്തു പോകാറുള്ളതിനാല്‍ വൈകിട്ട് തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ കരുതിയത്. രാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. പോലീസില്‍ പരാതി നല്കുമ്പോള് മൊബൈല്‍ ഫോണിലേക്ക് അജേഷിന്റെ വിളി വന്ന വിവരവും ബന്ധുക്കള്‍ പറഞ്ഞു. കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ അജേഷിന്റെ ഒട്ടേറെ കോളുകള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്കു വന്നിരുന്നതായി കണ്ടെത്തി. എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തി അജേഷിനെ കുടുക്കാനായി.
പോലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ ഒരു ദിവസം അജേഷ് പിടിച്ചു നിന്നു. തുടര്‍ന്നു ക്രൂരമായ കൊലയുടെ വിവരം പറഞ്ഞ അജേഷ് കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു. തെളിവ് നശിപ്പിക്കാനായി സിം കാര്‍ഡ് കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തില്‍ കുട്ടികളുണ്ട്. രണ്ടാഴ്ച മുന്‍പ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ പോയിരുന്നു.
അജീഷ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അജീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ചുരിദാറിന്റെ ഷാളും കയറും കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ പൂര്‍ണ നഗ്നമായിരുന്നു. മൃതദേഹം സമീപത്തെ കുഴിയില്‍ തള്ളിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
ഹോളോബ്രിക്സ് നിര്‍മാണ യൂണിറ്റിനോടു ചേര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാല്‍ കൊലപാതകം ആരും അറിഞ്ഞില്ല.